മുംബൈ: രൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധിയെ നേരിടുകയാണ് മഹരാഷ്‌ട്ര. ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലൂടെ ഉദ്ധവ് സർക്കാർ മുന്നോട്ട് പോകവെയാണ് പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത സംഘമെത്തിയിരിക്കുന്നത്.
ശിവസേന ബാലസാഹേബ് എന്നതാണ് തങ്ങളുടെ പാർട്ടിയുടെ പേരെന്ന് ഷിൻഡെ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഉദ്ധവ് താക്കറെ. അന്തരിച്ച ബാലസാഹേബ് താക്കറെയുടെ പേര് ആരും തന്നെ ഉപയോഗിക്കരുതെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു.
”ചിലരെന്നോട് ചോദിക്കുകയാണ്, എന്തെങ്കിലും പറയാൻ ആവശ്യപ്പെടുകയാണ്, എനിക്ക് പറയാനുള്ളത് ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. വിമത എംഎൽഎമാർക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അവരെന്താണോ ആഗ്രഹിക്കുന്നത് അത് നടപ്പിലാക്കാം. അവരുടെ കാര്യത്തിൽ ഞാൻ ഇടപെടുകയില്ല. അവർക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാം.. പക്ഷേ, ഒരാളും ബാലസാഹേബ് താക്കറെയുടെ പേര് ഉപയോഗിക്കരുത്.” ഉദ്ധവ് താക്കറെ പ്രതികരിച്ചു. ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കവേയാണ് ഉദ്ധവിന്റെ പരാമർശം. മുംബൈയിലെ ശിവസേന ഭവനിലായിരുന്നു യോഗം ചേർന്നത്.
അതേസമയം 16 വിമത ശിവസേന എംഎൽഎമാരുടെ അംഗത്വം റദ്ദാക്കാനുള്ള കരുനീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഉദ്ധവ് സർക്കാർ. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുമായി ഏകനാഥ് ഷിൻഡെ അസമിലും തുടരുന്നു. ബാലസാഹേബിന്റെ പ്രത്യയശാസ്ത്രമാണ് തുടരുന്നതെന്നും ആരും ശിവസേന വിട്ടിട്ടില്ലെന്നും വിമത എംഎൽഎമാർ വ്യക്തമാക്കി. നിലവിൽ അമ്പതോളം എംഎൽഎമാരുടെ പിന്തുണയാണ് ഏകനാഥ് ഷിൻഡെയ്‌ക്കുള്ളത്.
Comments