ന്യൂഡൽഹി: 47 വർഷങ്ങൾക്ക് മുൻപ്, 1975 ജൂൺ 25നായിരുന്നു ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 21 മാസങ്ങൾ നീണ്ടു നിന്ന നരകയാതനയിലേക്ക് രാജ്യം വലിച്ചെറിയപ്പെടുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ നിർദ്ദേശ പ്രകാരം അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ് ഭരണഘടനയിലെ 352ആം വകുപ്പ് പ്രകാരം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നീണ്ടു നിന്ന അടിയന്തിരാവസ്ഥക്കാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട യുഗം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
അക്കാലത്ത് കോൺഗ്രസ് ഭരണകൂടം എല്ലാ പൗരസ്വാതന്ത്ര്യങ്ങളും റദ്ദാക്കി, എതിർ ശബ്ദങ്ങളെ നിഷ്കരുണം അമർച്ച ചെയ്തു, മുതിർന്ന പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ ജയിലിലടച്ചു, അഭിപ്രായ സ്വാതന്ത്ര്യം ഹനിച്ചു, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകി.
1975 ജൂൺ 12ന് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് എല്ലാ റ്ടതിരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് അലഹാബാദ് ഹൈക്കോടതി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി. ഇതിനെ തുടർന്നായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.
1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി റായ്ബറേലി സീറ്റിൽ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണെ പരാജയപ്പെടുത്തി. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയത്തെ നാരായൺ കോടതിയിൽ ചോദ്യം ചെയ്തു. ഇന്ദിര തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായും 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായും അദ്ദേഹം വാദിച്ചു.
ഇന്ദിരയുടെ തിരഞ്ഞെടുപ്പ് ഏജന്റ് യശ്പാൽ കപൂർ സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇന്ദിര സർക്കാർ ഉദ്യോഗസ്ഥരെ വ്യക്തിപരമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരുന്നുവെന്നും നാരായൺ ആരോപിച്ചു. ഇവ സത്യമാണെന്ന് ബോദ്ധ്യപ്പെട്ട അലഹാബാദ് ഹൈക്കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ആറ് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പദവികളിലും ഇരിക്കാൻ പാടില്ലെന്ന് വിധിക്കുകയും ചെയ്തു.
അലഹാബാദ് ഹൈക്കോടതി വിധി വന്നതിന്റെ പിറ്റേ ദിവസം തന്നെ ഇന്ദിരാ ഗാന്ധി എല്ലാ മൗലികാവകാശങ്ങളും ലംഘിച്ചു കൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ മുഴുവൻ ജയിലിലാകുകയും പത്രസ്വാതന്ത്ര്യം ഉൾപ്പെടെ റദ്ദാക്കപ്പെടുകയും ചെയ്തു.
ഇന്ദിരയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത മുഴുവൻ നേതാക്കളെയും സർക്കാർ അന്ന് ജയിലിലടച്ചു. ജയപ്രകാശ് നാരയൺ, മൊറാർജി ദേശായി, ബിജു പട്നായിക്, അടൽ ബിഹാരി വാജ്പേയി, എൽ കെ അദ്വാനി, ചന്ദ്ര ശേഖർ, ചരൺ സിംഗ്,നാനാജി ദേശ്മുഖ്, ബാലാസാഹേബ് ദേവ്റാസ്, എച്ച് ഡി ദേവഗൗഡ, രാം വിലാസ് പസ്വാൻ, നിതീഷ് കുമാർ, എന്നീ പ്രമുഖ നേതാക്കൾ എല്ലാം അടിയന്തിരാവസ്ഥയുടെ കെടുതികൾ അനുഭവിച്ചു.
19 മാസമാണ് അരുൺ ജെയ്റ്റ്ലി ജയിലിൽ കഴിഞ്ഞത്. തിഹാർ ജയിലിലും അംബാല സെൻട്രൽ ജയിലിലുമായാണ് അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. ഭക്ഷണത്തിനായി വളരെ കുറഞ്ഞ റേഷനാണ് ലഭ്യമായിരുന്നത് എന്ന് പിൽക്കാലത്ത് അദ്ദേഹം വിവരിച്ചിരുന്നു. ഒരാൾക്ക് പ്രതിദിനം പരമാവധി അനുവദിക്കപ്പെട്ടിരുന്ന തുക 3 രൂപയായിരുന്നു.
ജയിൽ വാസത്തിന്റെ ആദ്യ നാളുകളിൽ തടവുകാർക്ക് കുടുംബാംഗങ്ങളെ കാണാൻ അനുവാദമുണ്ടായിരുന്നില്ല. അക്കാലത്ത് നിയമവിദ്യാർത്ഥിയായിരുന്ന അരുൺ ജെയ്റ്റ്ലി, ജയിലിൽ നിന്നും പരിക്ഷ എഴുതാൻ അനുവദിക്കണമെന്ന് കാട്ടി ഡൽഹി സർവ്വകലാശാല അധികൃതർക്ക് കത്തെഴുതിയിരുന്നു. എന്നാൽ സർവ്വകലാശാല അത് അനുവദിച്ചില്ല. തുടർന്ന് പോലീസ് കാവലിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിന് കത്തയച്ചു. അരുൺ ജെയ്റ്റ്ലിയുടെ പരീക്ഷാ ഹാളിലെ സാന്നിദ്ധ്യം ജനങ്ങളെ ഇളക്കി മറിക്കുമെന്ന് ഭയന്ന് സർക്കാർ ആ അപേക്ഷയും നിരാകരിച്ചു. ഇക്കാരണങ്ങളാൽ, ഒരു അദ്ധ്യയന വർഷം അദ്ദേഹത്തിന് നഷ്ടമായി.
ഹൃദ്രോഗബാധിതനായിരുന്ന പ്രകാശ് ജാവ്ദേക്കറെയും അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന അദ്ദേഹത്തെ, ചികിത്സ പോലും നിഷേധിച്ചാണ് തടവിൽ പാർപ്പിച്ചത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജാവ്ദേക്കറെ, ജോലിയിൽ നിന്നും പുറത്താക്കിയ ശേഷമാണ് തടവിലാക്കിയത്. ജയിലിലെ മറ്റ് തടവുകാരുടെ കടുത്ത പ്രതിഷേധങ്ങളെ തുടർന്ന്, ഏതായാലും ഒടുവിൽ അദ്ദേഹത്തിന് പോലീസ് കാവലിൽ ശസ്ത്രക്രിയ നടത്തി.
അടിയന്തിരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനും ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. 17 മാസമായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞത്.
പട്നയിലെ ബാങ്കിപൂർ സെൻട്രൽ ജയിലിലായിരുന്നു രവിശങ്കർ പ്രസാദിനെ പാർപ്പിച്ചത്. ഒരു വർഷത്തോളമാണ് അദ്ദേഹം തടവിൽ കഴിഞ്ഞത്.
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ബംഗലൂരുവിൽ വെച്ച് 1975 ജൂൺ 26ന് അറസ്റ്റ് ചെയ്ത് റോത്തക്ക് സെൻട്രൽ ജയിലിൽ അടച്ചു. രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹത്തെ ബാംഗ്ലൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 19 മാസം അദ്ദേഹവും ജയിലിൽ കഴിഞ്ഞു.
ബംഗലൂരുവിൽ തന്നെയായിരുന്നു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെയും തടവിൽ പാർപ്പിച്ചിരുന്നത്. കടുത്ത നടുവേദനയ്‌ക്ക് ചികിത്സയിൽ ഇരിക്കെയായിരുന്നു വാജ്പേയിയെ ജയിലിൽ അടച്ചത്. നടുവേദന ഗുരുതരമായതിനെ തുടർന്ന്, പിൽക്കാലത്ത് മാസങ്ങളോളം അദ്ദേഹത്തിന് എയിംസിൽ ചികിത്സയിൽ കഴിയേണ്ടി വന്നു.
അടിയന്തിരാവസ്ഥക്കാലത്ത് പോലീസിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി സർദാർജിയായി വേഷം മാറി അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സുബ്രഹ്മണ്യൻ സ്വാമിയെ സുരക്ഷിതമായി സ്വീകരിച്ച് രഹസ്യമായി പാർപ്പിച്ചത്, അന്ന് 25 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന നരേന്ദ്ര മോദി ആയിരുന്നു.
1977ൽ ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പിൻവലിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് ഇതര സർക്കാർ കേന്ദ്രത്തിൽ ജനത പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരികയും ചെയ്തു.
















Comments