ന്യൂഡൽഹി: ശിവസേന വിമത എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 15 ശിവസേന എംഎൽഎമാർക്കാണ് സുരക്ഷ അനുവദിച്ചത്. സിആർപിഎഫ് സേനാംഗങ്ങൾ ആകും ഇനി മുതൽ ഇവർക്ക് സുരക്ഷയൊരുക്കുക.
രമേഷ് ബോർനാരെ, മങ്കേഷ് കുഡാൽക്കർ, സഞ്ജയ് ഷിർസാത്, ലതാഭായ് സോനവാനെ, പ്രകാശ് സർവെ എന്നിവർക്കും മറ്റ് 10 എംഎൽഎമാർക്കുമാണ് സുരക്ഷ നൽകിയത്. ഇന്നലെ ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം നിൽക്കുന്ന എംഎൽഎമാർക്കെതിരെ ഉദ്ധവ് താക്കറെ പക്ഷത്തുള്ള പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ എംഎൽഎമാരുടെ വീടുകൾ ആക്രമിക്കുന്ന സ്ഥിതിവിശേഷവും സംജാതമായിരുന്നു. ഇതേ തുടർന്നാണ് ഇവർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
വിമത എംഎൽഎമാരെയും, പിന്തുണയ്‌ക്കുന്ന മറ്റ് പ്രവർത്തകരെയും ഉൾപ്പെടുത്തി മന്ത്രികൂടിയായ ഏക്‌നാഥ് ഷിൻഡെ ശിവസേന ബാലാസാഹെബ് താക്കറെ എന്ന പേരിൽ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ഉദ്ധവ് താക്കറെയെ പിന്തുണയ്‌ക്കുന്ന പക്ഷം രംഗത്തുവന്നത്.
അതേസമയം ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുന്ന ഷിൻഡെയും മറ്റ് എംഎൽഎമാരുമായി രാവിലെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഉദ്ധവ് താക്കറെ പക്ഷം പ്രതിഷേധവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നിർണായക ചർച്ച നടത്തിയത്. നിലവിൽ 55 ശിവസേന എംഎൽഎമാരിൽ 38 പേരും തന്നെ പിന്തുണയ്‌ക്കുന്നവരാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്.
Comments