ലക്‌നൗ: ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കനത്ത പ്രഹരം നേരിട്ടിരിക്കുകയാണ് സമാജ്‌വാദി പാർട്ടി. എസ്പി നേതാവ് അസം ഖാന്റെ മണ്ഡലമായിരുന്ന രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി വൻ വിജയം സ്വന്തമാക്കിയതോടെ തങ്ങളുടെ കുത്തക സീറ്റാണ് എസ്പിക്ക് നഷ്ടപ്പെട്ടത്.
എസ്പി സ്ഥാനാർത്ഥി അസീം രാജയ്‌ക്കെതിരെ വൻ ഭൂരിപക്ഷത്തിനാണ് ലോധിയുടെ വിജയം. അതേസമയം ബിഎസ്പി ഇത്തവണ രാപൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നില്ല.
പാർട്ടി പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്ന് ഘനശ്യാം സിംഗ് ലോധി പ്രതികരിച്ചു. രാപ്പകലില്ലാതെയാണ് അവർ പ്രവർത്തിച്ചത്. രാംപൂരിലെ ജനങ്ങളോടും നന്ദിയറിയിക്കുകയാണ്. പൊതുജനങ്ങൾക്ക് വേണ്ടിയും നാടിന്റെ വികസനത്തിനുമാണ് എപ്പോഴും ബിജെപി പ്രവർത്തിച്ചിട്ടുള്ളതെന്നും രാപൂരിലെ വിജയത്തിന് പിന്നാലെ ലോധി പറഞ്ഞു.
ഇത് ചരിത്രമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് പ്രതികരിച്ചു. രാംപൂർ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ 42,000 വോട്ടുകൾക്ക് ബിജെപി വിജയിച്ചു. ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയത്തിനും വർഗീയ-വിഭജന ഭരണത്തിനും മരണമണിയാണിത്. വികസന രാഷ്‌ട്രീയമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മികച്ച രീതിയിൽ സഹായിച്ചുവെന്നും അതിന്റെ നേട്ടമാണ് ഈ വിജയമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.
പ്രധാനമന്ത്രി മോദി നടപ്പിലാക്കിയ നിരവധി ക്ഷേമ പദ്ധതികളുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണമികവിന്റെയും അടിസ്ഥാനത്തിൽ രാംപൂരിലെ ജനങ്ങൾ നൽകിയ വിജയമാണിതെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പ്രതികരിച്ചു. ജനങ്ങൾക്ക് എസ്പിയെ മടുത്തു. ഇനിയും കലാപങ്ങൾ നേരിടാൻ ജനങ്ങൾ തയ്യാറല്ല, അവർക്ക് സമാധാനമാണ് ആവശ്യം. വികസനമാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയായിരുന്നു എസ്പി നേതാവ് അസംഖാൻ, തന്റെ മണ്ഡലമായ രാംപൂരിൽ നിന്നും എംപി സ്ഥാനം രാജിവെച്ചത്. 2019ലായിരുന്നു രാംപൂരിലെ എംപിയായി അസംഖാൻ തിരഞ്ഞെടുക്കപ്പെട്ടത്.
Comments