ലഖ്നൗ: ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ, ഉത്തർ പ്രദേശിലെ രാംപൂരിലും അസംഗഢിലും തകർപ്പൻ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. സമാജ് വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവിന്റെയും അസം ഖാന്റെയും മുഖത്തേറ്റ കനത്ത രാഷ്‌ട്രീയ പ്രഹരങ്ങളായാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. സംഘടനാ സംവിധാനം കൃത്യമായ ആസൂത്രണത്തിലൂടെ പ്രയോഗിച്ചാണ് ഇരു മണ്ഡലങ്ങളിലും ബിജെപി ഗംഭീര വിജയങ്ങൾ നേടിയത്.
കേന്ദ്ര മന്ത്രിമാർക്കൊപ്പം 16 സംസ്ഥാന മന്ത്രിമാരാണ് രാംപൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകിയത്. കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർക്കായിരുന്ന് പ്രചാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം. തത്ഫലമായി, അസം ഖാന്റെ അടുത്ത അനുയായി അസീം രാജയെ നാൽപ്പത്തി രണ്ടായിരത്തിന് മേൽ വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി വിജയിച്ചത്.
ഉത്തർ പ്രദേശ് ധനകാര്യ വകുപ്പ് മന്ത്രി സുരേഷ് ഖന്നയുടെ കൃത്യമായ സാന്നിദ്ധ്യം സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം രാംപൂരിൽ ഉണ്ടായിരുന്നു. സാമൂഹ്യക്ഷേമ- പട്ടികജാതി/ പട്ടികവർഗ വകുപ്പ് മന്ത്രി അസീം അരുൺ, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗുലാബ് ദേവി, റവന്യൂ വകുപ്പ് മന്ത്രി അനൂപ് പ്രധാൻ എന്നിവരും പ്രചാരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.
പിന്നോക്ക, ദളിത് വിഭാഗങ്ങൾക്കിടയിലും, ഒരു പരിധി വരെ മുസ്ലീം സമുദായത്തിനിടയിലും ശക്തമായ സ്വാധീനം ചെലുത്താൻ സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവത്തിനും സാധിച്ചു. കൂടാതെ, കേന്ദ്ര മന്ത്രി ബി എൽ വർമ, മന്ത്രിമാരായ ധരംപാൽ സിംഗ്, ജിതിൻ പ്രസാദ എന്നിവരും ഘനശ്യാം സിംഗ് ലോധിക്ക് വേണ്ടി സജീവമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അതേസമയം, സമാജ് വാദി പാർട്ടി പ്രധാനമായും ആശ്രയിച്ചത് അസം ഖാനെ മാത്രമായിരുന്നു. ഇത് അവർക്ക് കനത്ത തിരിച്ചടിയായി. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് മാസങ്ങളോളം ജയിലിൽ കിടന്ന ശേഷം തിരിച്ചെത്തിയ അസം ഖാനെ ജനങ്ങൾ പൂർണ്ണമായും തിരസ്കരിച്ചു. സ്വന്തം ശക്തി കേന്ദ്രത്തിൽ നേരിട്ട ദയനീയമായ പരാജയം കൂടി ആയപ്പോൾ, ഉത്തർ പ്രദേശ് രാഷ്‌ട്രീയത്തിൽ അസം ഖാന്റെ കാലഘട്ടം ഏറെക്കുറെ അവസാനിച്ചു.
Comments