കൊച്ചി : അമ്മയിൽ നിന്ന് പുറത്താക്കാൻ തെറ്റ് ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് എന്താണെന്ന് അറിയിച്ചിട്ടില്ലെന്നും നടൻ ഷമ്മി തിലകൻ.’തന്റെ കൂടി പൈസക്കാണ് അമ്മ തുടങ്ങിയത്. അമ്മയുടെ ലെറ്റർ പാഡിന്റെ പൈസ താനാണ് കൊടുത്തത് . ആ ലെറ്റർ പാഡിൽ തന്നെ പുറത്താക്കി എന്നെഴുതി വരട്ടെ. ചിലർക്കാണ് തന്നെ പുറത്താക്കാൻ താൽപ്പര്യം .അത് അച്ഛനോടുള്ള ദേഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.’
മാഫിയാ സംഘം എന്നൊന്നും താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോഴും താൻ അമ്മയുടെ അംഗമാണെന്നും വ്യക്തമാക്കി. കാര്യം ബോധ്യപ്പെട്ടാൽ നിലപാടിൽ നിന്ന് അവർ പിന്മാറുമെന്നാണ്് പ്രതീക്ഷ . മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്.താൻ നൽകിയ കത്ത് തൃപ്തികരമല്ലെന്ന് മറുപടി ലഭിച്ചിട്ടില്ല. റിപ്പോർട്ട് ചില ആളുകൾക്ക് മനസിലായിട്ടുണ്ടാവില്ല എന്നും ഷമ്മി കുറ്റപ്പെടുത്തി.
അതേസമയം നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കി എന്ന വാർത്തകൾക്ക് പിന്നാലെ ഇത് തള്ളി കൊണ്ട് അമ്മ ഭാരവാഹികളും രംഗത്തെത്തിയിരുന്നു. ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടിട്ടേ നിലപാടെടുക്കുകയുള്ളൂവെന്നും ഭാരവാഹികൾ വ്യക്തമാക്കി. ജനറൽ ബോഡിക്ക് പുറത്താക്കാനാകില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അതിന് അധികാരം. ഷമ്മി തിലകനോട് വിശദീകരണം തേടിയ ശേഷം എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ നടപടിയെടുക്കാൻ ചുമതലപ്പെടുത്തുമെന്നും അവർ പറഞ്ഞു.
ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകനെ പുറത്താക്കാൻ തീരുമാനമെടുത്തു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. അമ്മയുടെ യോഗം ഷമ്മി തിലകൻ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണു യോഗത്തിലെ പൊതുവികാരം. 2021ൽ കൊച്ചിയിൽ നടന്ന യോഗം ഷമ്മി തിലകൻ ചിത്രീകരിച്ചത് വിവാദമായിരുന്നു. കൂടാതെ അമ്മ ഭാരവാഹികൾക്കെതിരെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനമാണെന്നാണ് ഭാരവാഹികളിൽ പലരുടെയും അഭിപ്രായം.
















Comments