ഗുവാഹട്ടി: രണ്ട് എം എൽ എമാർ കൂടി ഉടൻ തങ്ങൾക്കൊപ്പം ചേരുമെന്ന് ശിവസേന ബാലാസാഹബ് വക്താവ് ദീപക് കേസർകർ. അവരോടൊപ്പം സ്വതന്ത്രരുടെ കൂടെ പിന്തുണ ലഭിച്ചാൽ തങ്ങളുടെ അംഗസംഖ്യ 51 ആകും. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തങ്ങൾ അന്തിമ തീരുമാനം എടുക്കുമെന്നും കേസർകർ പറഞ്ഞു.മഹാരാഷ്‌ട്രയിലേക്ക് ഏത് സമയത്തും തങ്ങളുടെ മടങ്ങി വരവ് പ്രതീക്ഷിക്കാമെന്നും കേസർകർ പറഞ്ഞു.
ഉദ്ധവ് താക്കറെ പക്ഷം ഹിന്ദുത്വം അധികാരത്തിന് വേണ്ടി പണയം വെച്ചു എന്നാരോപിച്ചാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം ശിവസേന ബാലാസാഹബ് എന്ന പുതിയ പാർട്ടി ഘടകം രൂപീകരിച്ചത്. കോൺഗ്രസ്- എൻസിപി ബാന്ധവം ശിവസേനയുടെ ഹിന്ദുത്വ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. ഈ രീതിയിൽ മഹാ വികാസ് അഖാഡി സർക്കാരിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഏകനാഥ് ഷിൻഡെ പക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഷിൻഡെ പക്ഷത്തെ എം എൽ എമാരുടെ വീടുകളുടെ നേർക്ക് ആക്രമണം നടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ, എം എൽ എമാരുടെ വീടുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് എം എൽ എമാർക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്മോർട്ടത്തിന് അയക്കണം എന്നായിരുന്നു റാവത്തിന്റെ ഭീഷണി.
Comments