അസംഗഢ്: ബിജെപി നടപ്പിലാക്കിയ നല്ല നയങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സമാജ് വാദി കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ച് അസംഗഢ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വിജയക്കൊടി പാറിച്ച ദിനേഷ് ലാൽ യാദവ് നിരാഹുവ. തനിക്ക് മുൻപിൽ അവശേഷിക്കുന്ന 1.5 കൊല്ലം ഏറ്റവും മികച്ച രീതിയിൽ അസംഗഢിന് വേണ്ടി പ്രവർത്തിക്കുമെന്നും നിരാഹുവ കൂട്ടിച്ചേർത്തു. വിജയാഘോഷത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് സമൂഹത്തിന്റെ അടിത്തട്ടിലുളളവർക്കായി ബിജെപി നടപ്പിലാക്കിയ നയങ്ങളാണ് തനിക്ക് വോട്ടായി മാറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നന്ദി പറയുന്നത് ബിജെപിയുടെ നയങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുടെ പരാജയം അഖിലേഷ് യാദവിന് ഉറപ്പായിരുന്നുവെന്നും അതുകൊണ്ടാണ് മണ്ഡലത്തിൽ പ്രചാരണത്തിന് പോലും സജീവമാകാതിരുന്നതെന്നും നിരാഹുവ ചൂണ്ടിക്കാട്ടി.
മണ്ഡലത്തിൽ നിശ്ചലമായി കിടക്കുന്ന വികസന പദ്ധതികൾ എത്രയും വേഗം പുനരാരംഭിക്കാനാണ് താൻ ആദ്യം ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പിന് മുൻപ് 1.5 വർഷം മാത്രമാണ് തനിക്ക് മുൻപിൽ അവശേഷിക്കുന്നത്. എന്നാൽ പരമാവധി കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കുന്നതിലാകും ശ്രദ്ധയെന്നും നിരാഹുവ പറഞ്ഞു.
സമാജ് വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവിനെ തോൽപിച്ചാണ് ദിനേഷ് ലാൽ യാദവ് നിരാഹുവ സമാജ് വാദി പാർട്ടിയെ ഞെട്ടിച്ചത്. പാർട്ടിയുടെ കുത്തക മണ്ഡലവും ശക്തികേന്ദ്രവുമായിരുന്നു അസംഗഢ്. 8679 വോട്ടുകൾക്കാണ് നിരാഹുവയുടെ വിജയം. ബിജെപിക്ക് 3,12,768 വോട്ടുകൾ ലഭിച്ചപ്പോൾ സമാജ് വാദി പാർട്ടിക്ക് 3,04,089 വോട്ടുകളാണ് ലഭിച്ചത്.
Comments