മുംബൈ: മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെ പക്ഷത്തെ എം എൽ എമാരെ മൃതദേഹങ്ങൾ എന്ന് വിശേഷിപ്പിച്ച ശിവസേന വക്താവ് സഞ്ജയ് റാവത്തിന് മറുപടിയുമായി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ. സഞ്ജയ് റാവത്തിനും മക്കളും കുടുംബവുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ അവരും കേൾക്കുന്നുണ്ടാകും. അതുകൊണ്ട്, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇതായിരുന്നു ശ്രീകാന്ത് ഷിൻഡെയുടെ വാക്കുകൾ.
ഇത് മഹാരാഷ്‌ട്ര സംസ്കാരമല്ല. സഞ്ജയ് റാവത്തിന്റെ വാക്കുകൾ ജനങ്ങൾ കേൾക്കുന്നുണ്ട്. അധികാരം നഷ്ടമാകും എന്ന ഭയമാണ് അദ്ദേഹത്തെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്ന സഞ്ജയ് റാവത്തിന് ആശംസകൾ നേരുകയാണെന്നും ശിവസേന നേതാവ് ആനന്ദ് ഡീഗെയുടെ സ്മൃതി കുടീരമായ ശക്തിസ്ഥലിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. താനെയിലെ കല്യാണിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഡോക്ടർ ശ്രീകാന്ത് ഷിൻഡെ.
നേരത്തെ, ഏകനാഥ് ഷിൻഡെ ഉൾപ്പെടെയുള്ള ശിവസേന ബാലാസാഹബ് അംഗങ്ങൾക്ക് നേരെ സഞ്ജയ് റാവത്ത് വധഭീഷണി മുഴക്കിയിരുന്നു. ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്മോർട്ടത്തിന് അയക്കണം. ഇതായിരുന്നു റാവത്തിന്റെ വാക്കുകൾ. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ശ്രീകാന്ത് ഷിൻഡെ.
















Comments