മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുമായി ഒരു തരത്തിലുള്ള നീക്ക്പോക്കുകൾക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി ബിജെപി. ഏകനാഥ് ഷിൻഡെ വിഭാഗവുമായും നിലവിൽ ചർച്ചകൾ നടക്കുന്നില്ല. മഹാരാഷ്‌ട്ര നിയമസഭയിൽ നിലവിൽ 170 എം എൽ എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കി എന്നാണ് വിവരം.
നിയമസഭയിൽ അടിയന്തിരമായി പ്രോ ടേം സ്പീക്കറെ നിയമിക്കാൻ ബിജെപി ആവശ്യപ്പെടുമെന്നാണ് വിവരം. ബിജെപി ദേശീയ നേതൃത്വവുമായി മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിൽ എല്ലാ ബിജെപി എം എൽ എമാരും മുംബൈയിൽ തന്നെ തുടരുകയാണ്.
അതേസമയം, ഏകനാഥ് ഷിൻഡെ വിഭാഗം വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉടൻ ആവശ്യപ്പെട്ടേക്കും. ശിവസേന ബാലാസാഹബ് എം എൽ എമാർക്ക് അയോഗ്യതാ നോട്ടീസ് അയച്ച സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ജൂലൈ 11 കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
ഏകനാഥ് ഷിൻഡെയെയും ഒപ്പമുള്ള 15 എം എൽ എമാരെയും അയോഗ്യരാക്കുന്നതായി കാണിച്ച് ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ സാധുത ചോദ്യം ചെയ്താണ് ഏകനാഥ് ഷിൻഡെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്.
Comments