തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. യുഎഇ യാത്രക്കിടെ ബാഗ് മറന്നിട്ടില്ലെന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിന്നപ്പോൾ ഒരു ബാഗേജ് പിന്നീടാണ് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എം. ശിവശങ്കർ. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ശിവശങ്കർ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതോടെ യുഎഇ സന്ദർശന സമയത്ത് ഒരു ബാഗ് കൊണ്ടുപോകാൻ മറന്നുവെന്ന ആരോപണത്തെ എതിർത്ത മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. ഇന്നലെ നിയമസഭയിലായിരുന്നു ബാഗ് കൊണ്ടുപോകാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി ആണയിട്ടു പറഞ്ഞത്.
അതേസമയം മറന്നുവെച്ച ബാഗിൽ അതിഥികൾക്കുള്ള ഉപഹാരങ്ങളായിരുന്നുവെന്ന് കസ്റ്റംസിന് നൽകിയ മൊഴി പ്രകാരം ശിവശങ്കർ പറയുന്നു. പിന്നീട് ഈ ബാഗ് കോൺസുൽ ജനറലിന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചുവെന്നും ശിവശങ്കർ മൊഴി നൽകി.
2016-ലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ യുഎഇ സന്ദർശനം നടന്നത്. ഈ സന്ദർശനത്തിനിടെ കറൻസി കടത്തിയിരുന്നുവെന്നും അതിലൊരു ബാഗ് കേരളത്തിൽ മറന്നുവെച്ചുവെന്നുമാണ് സ്വപ്‌നയുടെ മൊഴി. കോടതിക്ക് മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലും ഉൾപ്പെടെ സ്വപ്‌ന ഈ വെളിപ്പെടുത്തലാണ് നടത്തിയത്. എന്നാൽ ഇന്നലെ സഭ ചേർന്നപ്പോൾ സ്വപ്‌നയുടെ മൊഴിയെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്തുവന്നതോടെ മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നാണ് സൂചിപ്പിക്കുന്നത്.
Comments