ന്യൂഡൽഹി: രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയെന്ന വാദം തുടക്കത്തിലേ പൊളിയുന്നു. ഇന്നലെ യശ്വന്ത് സിൻഹ നാമനിർദ്ദേശപത്രിക നൽകുന്ന ചടങ്ങിൽ നിന്നും പ്രതിപക്ഷ സഖ്യത്തിലെ അഞ്ച് പാർട്ടികൾ വിട്ടുനിന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിട്ടുനിന്ന കക്ഷികൾ തങ്ങളുടെ അതൃപ്തി പറയാതെ പറഞ്ഞിരിക്കുകയാണെന്നാണ് അണിയറ സംസാരം.
കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും തൃണമൂൽ കോൺഗ്രസും പത്രികാ സമർപ്പണ ചടങ്ങിൽ കൂടെയുണ്ടായപ്പോൾ ആ സംയുക്ത സംഘത്തിലേയ്‌ക്ക് പ്രതിനിധികളെ അയയ്‌ക്കാതെയാണ് പാർട്ടികൾ മാറിനിന്നത്. എഐഎംഐഎം, ജാർഖണ്ഡ് മുക്തിമോർച്ച, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ആം ആദ്മി പാർട്ടി, ശിരോമണി അകാലി ദൾ എന്നിവരാണ് വിട്ടുനിന്നത്. പ്രതിപക്ഷ സഖ്യത്തിലുളള ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും ബിഎസ്പിയും നേരത്തെ എൻഡിഎ സ്ഥാനാർത്ഥിയായ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഒഡീഷയുടെ അഭിമാനവും അനുഗ്രഹവുമാണ് ദ്രൗപതി മുർമുവിന്റെ രാഷ്‌ട്രപതി പദവിയെന്ന് തുടക്കത്തിലേ ബിജു ജനതാദൾ നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായ്ക് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം യശ്വന്ത് സിൻഹയെ പരിഗണിച്ചപ്പോൾ തന്നോട് ആലോചിച്ചില്ലെന്ന് കഴിഞ്ഞയാഴ്ച തന്നെ മായാവതിയും വിയോജിപ്പ് പരസ്യമാക്കിയിരുന്നു. ഒവൈസിയുടേയും അകാലി ദളിന്റേയും പിഡിപിയുടേയും നിലപാട് അവർക്ക് അവരുടേതായ പരിമിതികളുണ്ടെന്നതാണ്.
ഏറ്റവും വലിയ അടിയായത് ജാർഖണ്ഡ് മുക്തിമോർച്ചയും ആം ആദ്മിയും വിട്ടുനിന്നതാണ്. ഏതായാലും 84 വയസ്സുള്ള യശ്വന്ത് സിൻഹ ബിജെപി വിരോധത്താൽ തൃണമൂലിലേക്ക് പോയ നേതാവായിരുന്നിട്ടും പ്രതിപക്ഷത്തിന്റെ പൊതുഐക്യം നേടാൻ സാധിച്ചില്ലെന്നത് തുടക്കത്തിലെ ഏറ്റ കനത്ത പ്രഹരമായിരിക്കുകയാണ്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിന് ചരട് വലിച്ച മമതയോടുളള നീരസവും ഈ വിട്ടുനിൽക്കലിന് പിന്നിലുണ്ട്.
















Comments