മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയും ഉദ്ധവ്-ഏകനാഥ് പോരും അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇതിനോടകം 48 എംഎൽഎമാർ ഗുവാഹട്ടിയിലെ ക്യാമ്പിലെത്തി. ഇതിനിടെ മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് സുധീർ മുംഗന്തിവാർ പ്രതികരിച്ചു.
ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോഴില്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുകയില്ലെന്ന് മഹാവികാസ് അഖാഡി സർക്കാർ പ്രഖ്യാപിക്കുന്ന ഒടുവിലത്തെ നിമിഷത്തിനായി കാത്തിരിക്കുകയാണ്. എല്ലാം കാണുക, കാത്തിരിക്കുക എന്നതാണ് ബിജെപി ഇപ്പോൾ ചെയ്യുന്നതെന്നും സുധീർ മുംഗന്തിവാർ പറഞ്ഞു.
അതേസമയം മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യം അസ്ഥിരതയിലാണെന്നും സർക്കാർ ന്യൂനപക്ഷമായി മാറിയെന്നും ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പ്രതികരിച്ചു. ദിവസവും 200-300 പ്രമേയങ്ങളാണ് ഉദ്ധവ് സർക്കാർ പാസാക്കുന്നത്. ഇതെല്ലാം പൊതുജനത്തിന്റെ പണമുപയോഗിച്ചാണ്. ഇക്കാര്യത്തെ സംബന്ധിച്ച് ഗവർണറോട് സംസാരിച്ചതായും അന്വേഷണം നടത്താൻ സർക്കാരിന് നിർദേശം ലഭിച്ചതായുമാണ് ഗവർണർ അറിയിച്ചതെന്ന് പ്രവീൺ ദാരേക്കർ കൂട്ടിച്ചേർത്തു.
അതേസമയം മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തി. ഇതിനിടെ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ് സർക്കാർ.
Comments