താര സംഘടനയായ ‘അമ്മ’ ഒരു ക്ലബ് ആണെന്ന നടൻ ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ഇടവേള ബാബു. തന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച കെ ബി ഗണേഷ് കുമാറിന് തുറന്ന കത്തിലൂടെയാണ് ഇടവേള ബാബു മറുപടി നൽകിയിരിക്കുന്നത്. അമ്മയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. തന്റെ വാക്കുകളെ ഗണേഷ് കുമാർ മറ്റൊരു വ്യാഖ്യാനം നൽകി അവതരിപ്പിക്കേണ്ട എന്ന് ഇടവേള ബാബു പറഞ്ഞു.
ക്ലബ് എന്നത് ഒരു മോശം വാക്കായി ഞാന്‍ കരുതുന്നില്ല. താന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു അര്‍ത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലന്നും അദ്ദേഹം കത്തിൽ പറയുന്നു. ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് “അമ്മ” ഒരു ക്ലബ്ബ് തന്നെയാണ്. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത് ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണെന്നും , അല്ലാതെ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർത്ഥം കണ്ടെത്തി വ്യാഖ്യാനിക്കേണ്ടന്നുമാണ് ഗണേഷ് കുമാറിന് നൽകിയ മറുപടി.
ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെതിരെ സംഘടന നടപടിയെടുക്കാത്തതിലും ഇടവേള ബാബു പ്രതികരിച്ചു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത്. നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ബിനീഷ് കോടിയേരിക്കെതിരെ കേസില്‍ വിധി വരുന്നത് വരെ സസ്‌പെൻഷൻ നടപടി സ്വീകരിക്കരുതെന്ന നിലപാടിനോടൊപ്പം നിന്ന ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.
















Comments