ആളുകളുടെ മുഖം മറന്നു തുടങ്ങി; തിരിച്ചറിയാൻ കഴിയുന്നില്ല; താൻ കടന്ന് പോകുന്നത് ഒരു രോ​ഗാവസ്ഥയിലൂടെ: ബ്രാഡ് പിറ്റ്

Published by
Janam Web Desk

ഹോളിവുഡിലെ സൂപ്പര്‍താരമാണ് ബ്രാഡ് പിറ്റ്. അതിർത്തികൾക്കപ്പുറം ലോകത്തെവിടെയും സിനിമപ്രേമികൾക്കിടയിൽ ബ്രാഡ് പിറ്റിന് ആരാധകരേറയാണ്. ട്രോയ്, ഫൈറ്റ് ക്ലബ് തുടങ്ങി അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ കണ്ട് ബ്രാഡ് പിറ്റ് എന്ന നടനെ ഇഷ്ടപ്പെട്ടവരാണ് നമ്മൾ. അഭിനയിച്ച് തകർത്ത കഥാപാത്രങ്ങളോടൊപ്പം അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ പേരിലും ഒരുപാട് പേർ ബ്രാഡിന് ആരാധകരായിട്ടുണ്ട്. തന്റെ 58 ആം വയസ്സിലും അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.

ഇപ്പോൾ ബ്രാഡ് പിറ്റ് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. താനൊരു രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രാഡ് പിറ്റ്. അമേരിക്കയിലെ ഫാഷന്‍ മാഗസിന്‍ ആയ ജി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. പ്രോസോപാഗ്നോസിയ അഥവാ ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്സ് (Prosopagnosia or Face Blindness ) എന്നാണ് തന്റെ രോ​ഗത്തിന്റെ പേരെന്ന് അദ്ദേഹം പറയുന്നു.

ആളുകളുടെ മുഖം മറന്നുപോകുന്നു. ഏറ്റവും അടുപ്പമുള്ളവരെപോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും ഇതാണ് ഈ രോ​ഗത്തിന്റെ ലക്ഷണമെന്നും ബ്രാഡ് പിറ്റ് പറയുന്നു. പരിചയപ്പെട്ടവരുടെ മുഖങ്ങളെല്ലാം ഇപ്പോൾ അവ്യക്തമാകുകയാണ്. അതേസമയം, ഈ രോ​ഗം തലച്ചോറിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ മറവി കാരണം താൻ പൊതുപരിപാടികളിൽ ഒന്നും പങ്കെടുക്കാറില്ല. പലരും തനിക്ക് അഹങ്കാരമണെന്നാണ് കരുതുന്നത്. എന്നാൽ സത്യം അതല്ല, ആൾക്കാരുടെ മുഖം മറന്ന് പോകുന്നതാണെന്നും ബ്രാഡ് പിറ്റ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. പ്രായമാകും തോറും മറവി കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment