ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചനയുമായി കമൽഹാസൻ. രണ്ട് ദിവസത്തിനകം സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കൂടിയായ താരം പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് കമൽഹാസൻ പ്രതികരിച്ചിരിക്കുന്നത്. ഡിഎംകെ-മക്കൾ നീതി മയ്യം സഖ്യം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
“രണ്ട് ദിവസത്തിനുള്ളിൽ ഒരു സന്തോഷവാർത്തയുമായി ഞാൻ നിങ്ങളെ കാണും. പാർലമെൻ്റ് തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. നല്ല അവസരമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സഖ്യം സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കും”-എന്നാണ് കമൽഹാസൻ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
സനാതന ധർമ്മ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ ന്യായീകരിച്ച് രംഗത്ത് വന്ന സിനിമാ താരമായിരുന്നു കമൽഹാസൻ. 2018-ൽ എംഎൻഎം രൂപീകരിച്ച കമൽഹാസൻ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തമിഴ്നാട്ടിൽ മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയിരുന്നു.