മുംബൈ: മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് ശിവസേന ബാലാസാഹബ് എം എൽ എ ഏകനാഥ് ഷിൻഡെ. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പമുള്ള എം എൽ എമാർക്കൊപ്പം അദ്ദേഹം ഇന്നു തന്നെ മഹാരാഷ്‌ട്രയിലേക്ക് തിരിക്കും എന്നാണ് സൂചന.
ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി എം എൽ എമാർ ഗവർണർക്ക് കത്ത് നൽകിയതിനെ തുടർന്ന് നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് നേരത്തേ സൂചന ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 11.00ന് നിയമസഭ ചേരണമെന്ന് ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകിയതായാണ് സൂചന. ശിവസേനക്ക് ജനപിന്തുണ നഷ്ടമായതായി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫഡ്നവിസ് വ്യക്തമാക്കി. 8 സ്വതന്ത്ര എം എൽ എമാരും, അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിൽ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ ഫഡ്നവിസ് ജെ പി നദ്ദയെ ധരിപ്പിച്ചിരുന്നു. മഹാരാഷ്‌ട്ര നിയമസഭയിൽ നിലവിൽ 170 എം എൽ എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കി എന്നാണ് വിവരം. നിയമസഭയിൽ അടിയന്തിരമായി പ്രോ ടേം സ്പീക്കറെ നിയമിക്കാൻ ബിജെപി ആവശ്യപ്പെടുമെന്നാണ് വിവരം. നിലവിൽ എല്ലാ ബിജെപി എം എൽ എമാരും ഫട്നവിസിനൊപ്പം മഹാരാഷ്‌ട്രയിൽ ഉണ്ട്.
Comments