ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി ബന്ധമെന്ന് സൂചന. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നി ഇസ്ലാമിക സംഘടനയായ ദവാത്തെ ഇസ്ലാമിയുമായി ഇവർക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. പാക് ഭീകര സംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് ഇത്.
ഭില്വാര സ്വദേശിയായ 38 വയസ്സുകാരൻ റിയാസ് അത്താരിയും ഉദയ്പൂർ സ്വദേശിയായ 39 വയസ്സുകാരൻ ഗൗസ് മുഹമ്മദും ചേർന്നാണ് കനയ്യ ലാൽ എന്ന തുന്നൽക്കാരനെ പട്ടാപ്പകൽ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. നൂപുർ ശർമ്മയുടെ പ്രസ്താവന വരുന്നതിന് മുൻപേ പ്രതികൾ കത്തി തയ്യാറാക്കുകയും വെട്ടിക്കൊലപ്പെടുത്താൻ പരിശീലനം നേടുകയയും ചെയ്തതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വെൽഡറായ അത്താരിയാണ് കത്തി നിർമ്മിച്ചത്.
കനയ്യ ലാലിനെ കൊലപ്പെടുത്തി വീഡിയോകൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ശേഷം അജ്മേർ ഷരീഫിലെ ആരാധനാലയത്തിന് മുന്നിൽ നിന്ന് അടുത്ത വീഡിയോ ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പ്രതികൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
മുസ്ലീം ബ്രദർഹുഡ് ഉൾപ്പെടെയുള്ള തീവ്രസംഘടനകളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആഗോളമായി ശരീയത്ത് നിയമം നടപ്പിലാക്കണമെന്ന് പ്രചരിപ്പിക്കുന്ന സംഘടനയാണ് ദവാത്തെ ഇസ്ലാമി. പാകിസ്താനിൽ മതനിന്ദാ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ മുഖ്യ പങ്കുള്ള സംഘടനയാണ് ഇത്.
Comments