ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ അന്താരാഷ്‌ട്ര ഭീകര ബന്ധം അന്വേഷിക്കാൻ എൻ ഐ എക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കാൻ നേരത്തെ അമിത് ഷാ എൻ ഐ എക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ രാജ്യത്തിനകത്തോ പുറത്തോ ഉള്ള സംഘടനകൾക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കിൽ അത് കൃത്യമായി അന്വേഷിച്ച് കണ്ടെത്തണമെന്നാണ് അമിത് ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്.
താലിബാൻ മോഡൽ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഭ്യന്തര സെക്രട്ടറിയുമായി അടിയന്തിര യോഗം ചേർന്നിരുന്നു. കൊലപാതകത്തിൽ വിദേശ ഭീകര ബന്ധം സംശയിക്കപ്പെട്ട പശ്ചാത്തലത്തിൽ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു.
കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നി ഇസ്ലാമിക സംഘടനയായ ദവാത്തെ ഇസ്ലാമിയുമായി കൊലപാതകികൾക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. പാക് ഭീകര സംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് ഇത്.
കനയ്യ ലാലിനെ കൊലപ്പെടുത്തി വീഡിയോകൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ശേഷം അജ്മേർ ഷരീഫിലെ ആരാധനാലയത്തിന് മുന്നിൽ നിന്ന് അടുത്ത വീഡിയോ ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പ്രതികൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
















Comments