ജയ്പൂർ ; പ്രവാചകനിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരിൽ ജിഹാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയവാദത്തിനും ഭീകരതയ്‌ക്കുമെതിരെ ഇവർ പ്രതിഷേധിച്ചു.
ജയ് ശ്രീറാം വിളികൾ മുഴക്കിക്കൊണ്ടാണ് വിലാപയാത്ര നടന്നത്. പ്രക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് കൂടുതൽ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കനയ്യയുടെ വീട്ടിൽ നിന്ന് ആരംഭിച്ച വിലാപ യാത്രയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന മുദ്രാവാക്യങ്ങളും ഉയർന്നു. സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും വീഴ്ചയാണ് ഇയാളുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്. രാജസ്ഥാൻ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ പട്ടാപ്പകൽ നടന്ന നിഷ്ഠൂരമായ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും ഇവർ പറയുന്നു.
അതേസമയം ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും രംഗത്തെത്തിയിട്ടുണ്ട്. സംഭവം നടന്ന ഉദയ്പൂർ പ്രക്ഷോഭത്തെ തുടർന്ന് കടുത്ത ജാഗ്രതയിലാണ്.
മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടതിനാണ് ജിഹാദികൾ ഇയാളെ പട്ടാപ്പകൽ കൊലപ്പെടുത്തിയത്. തുടർന്ന് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോ പങ്കുവെയ്‌ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 5 പേർ പിടിയിലായിട്ടുണ്ട്.
















Comments