കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാമൂഹ്യ പ്രവർത്തകനും സംവാദകനുമായ ശങ്കു ടി ദാസിന്റെ ആരോഗ്യനിലയിൽ പുരോഗതി. അപകടത്തിന് ശേഷം ആദ്യമായി ശങ്കു ടി ദാസ് കണ്ണു തുറന്നതായി ബന്ധുക്കൾ അറിയിച്ചു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടർമാരും വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് രക്തസമ്മർദ്ദം ഏറെക്കുറെ നിയന്ത്രിതമായിട്ടുണ്ടെന്ന് ഡോക്ടർമാർ മെഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചിരുന്നു. ഡയാലിസിസ് തുടരുകയാണെന്നും ശ്വാസകോശത്തിന്റെ പ്രവർത്തനം പുരോഗതിയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയെന്നും മെഡിക്കൽ ബുളളറ്റിനിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആശ്വാസകരമായ വാർത്ത രാവിലെ പുറത്തുവന്നത്.
കഴിഞ്ഞ 23 ന് രാത്രിയാണ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇമ്പിച്ചിബാവ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തിയ ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കരളിൽ രക്തസ്രാവവും നിയന്ത്രണ വിധേയമല്ലാത്ത ബിപിയും ഉണ്ടായിരുന്നു. രക്തസ്രാവം തടയുന്നതിനായി ആൻജിയോ എംബൊളൈസേഷന് അദ്ദേഹത്തെ വിധേയനാക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവയവങ്ങൾ പ്രവർത്തനരഹിതമായതും ഡോക്ടർമാർക്ക് വെല്ലുവിളിയായി. ഇത് മറികടക്കാനായി തുടർച്ചയായി റീനൽ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയനാക്കി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള തുടങ്ങിയവർ നേരിട്ട് ആശുപത്രിയിലെത്തി കഴിഞ്ഞ ദിവസം ശങ്കുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തിരക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ രാഷ്‌ട്രീയ കാര്യങ്ങളിലെ സജീവ സംവാദകനും നിരീക്ഷകനുമായിരുന്നു ശങ്കു.
















Comments