പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്വകാര്യ ബസിന് മുൻപിലൂടെ അപകടകരമാം വിധം ഇരുചക്രവാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി ആർടിഒ. വാഹനത്തിന്റെ ഉടമയ്‌ക്കും, വാഹനം ഓടിച്ചയാൾക്കും ആർടിഒ പിഴ ചുമത്തി. വാളറ സ്വദേശിനിയും ഇരുചക്രവാഹനത്തിന്റെ ഉടമയുമായ അനിത, വാഹനം ഓടിച്ച പിതാവ് ചെന്താമര എന്നിവർക്കാണ് 11,000 രൂപ പിഴ ചുമത്തിയത്.
ചെന്താമരയ്‌ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ലെസൻസ് ഇല്ലാത്തയാൾക്ക് വാഹനം കൈമാറിയതിന് അനിതയ്‌ക്കും, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് ചെന്താമരയ്‌ക്കും 5000 രൂപാ വീതമാണ് ആർടിഒ പിഴ ചുമത്തിയത്. വാഹനമോടിക്കുമ്പോൾ ചെന്താമരയും പുറകിലിരുന്ന യാത്രികയും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇതിന് 500 രൂപ വീതം 1000 രൂപ പിഴയൊടുക്കാനും ആർടിഒ നിർദ്ദേശിച്ചു.
ഞായറാഴ്ചയാണ് വാളറയിൽ തൃശ്ശൂരിൽ നിന്നും കൊഴിഞ്ഞാമ്പറയിലേക്ക് പോകുകയായിരുന്ന സുമംഗലി ബസിന് മുൻപിലൂടെ ചെന്താമര അപകടകരമാംവിധം വാഹനം ഓടിച്ചത്. ബസിന്റെ ഇടത് വശത്തുകൂടി പോയിരുന്ന ഇരുചക്രവാഹനം പെട്ടെന്ന് ബസിന് മുന്നിലൂടെ വലതു ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. ബസ് ഡ്രൈവർ അക്ഷയ്‌യുടെ സമയോചിത ഇടപെടൽ കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്.
Comments