ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻവി രമണയ്‌ക്ക് കത്ത്. നബി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള എഫ്ഐആറുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് നൂപുർ ശർമ്മയ്‌ക്കെതിരെ പ്രതികൂല പരാമർശങ്ങൾ നടത്തിയത്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ആക്ടിവിസ്റ്റായ അജയ് ഗൗതമാണ് കത്ത് നൽകിയത്.
നൂപൂർ ശർമ്മയ്‌ക്കെതിരെ സുപ്രീം കോടതി ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ പിൻവലിക്കാൻ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും എന്നാൽ മാത്രമേ അവർക്ക് ന്യായമായ വിചാരണയ്‌ക്ക് അവസരം ലഭിക്കു എന്നും കത്തിൽ പറയുന്നു. തന്റെ കത്ത് പൊതുതാൽപര്യ ഹർജിയായി കണക്കാക്കണമെന്നും ഹിയറിംഗിനിടെ നടത്തിയ പ്രതികൂല പരാമർശങ്ങൾ അനുചിതമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ പറയുന്നു.
നൂപുർ ശർമ്മയുടെ നബി വിരുദ്ധ പരാമർശങ്ങൾ രാജ്യം കത്താൻ കാരണമായെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഒരു ചാനൽ ചർച്ചയിൽ അവർ ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നെന്നും രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാൽ സുപ്രീം കോടതിയുടെ പ്രസ്താവനക്കെതിരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഉദയ്പൂരിൽ നടന്ന സംഭവം ഒരു പ്രകോപനത്തിന്റെയും പ്രതികരണമല്ല, മറിച്ച് ഒരു വിശ്വാസത്തിന്റെയും മാനസികാവസ്ഥയുടെയും അനന്തര ഫലമാണെന്നാണ് പ്രതികരണം. ജിഹാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരിക്കലും ഒരു സ്ത്രീയുടെ മേൽ കെട്ടിവെയ്‌ക്കാനാകില്ലെന്നാണ് പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
Comments