ജറുസലേം: മെഡിറ്ററേനിയനിലെ തർക്കപ്രദേശത്ത് ഹിസ്ബുള്ള വിക്ഷേപിച്ച ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇസ്രായേൽ. തങ്ങളുടെ ഗ്യാസ് റിഗ്ഗുകളെ ലക്ഷമാക്കി വന്ന ഡ്രോണുകളാണ് തകർത്തതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. വ്യോമാതിർത്തി കടന്ന് എത്തിയ മൂന്ന് ഡ്രോണുകളാണ് സൈന്യം നശിപ്പിച്ചിരിക്കുന്നത്.
ലെബനനിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. കരിഷ് ഗ്യാസ് ഫീൽഡിന്റെ ഉടമസ്ഥതയെച്ചൊല്ലി ഇസ്രായേലും ലെബനനും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിൽ യുഎസ് മധ്യസ്ഥത വഹിക്കുന്നുണ്ട്. യുഎൻ അംഗീകരിച്ച എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലാണ് ഈ മേഖലയെന്ന് ഇസ്രായേൽ പറയുന്നു. അതേസമയം, ഈ മേഖല തങ്ങളുടെ ഭാഗമാണെന്ന് ലെബനനും അവകാശവാദമുന്നയിക്കുന്നുണ്ട്.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന സമാധാന കരാറിന് തടസ്സം സൃഷ്ടിക്കാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെന്ന് ഇസ്രായേൽ പറയുന്നു. ലെബനൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും സമൃദ്ധിക്കും നിർണായകമാകുന്ന കരാറാണ് മുന്നിലുള്ളത്. മാത്രമല്ല, സമുദ്ര അതിർത്തികളെ സംബന്ധിച്ച് ഇസ്രായേലിന് അനുകൂലമായ ഒരു കരാറിലെത്തുന്നതിൽ നിന്ന് ലെബനനെ തടയുകയാണ് ഇസ്ലാമിസ്റ്റ് സംഘം ശ്രമിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു.
Comments