ന്യൂഡൽഹി: സ്വതന്ത്ര തമിഴ്നാട് വാദം ഉന്നയിക്കുന്നവർ ഉയർത്തുന്നത് വിഘടനവാദ സ്വരമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇത്തരക്കാരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിഎംകെ നേതാവ് എ രാജയുടെ പ്രസ്താവനക്കെതിരെ ആയിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
രാജയെ ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കണം. 2ജി കേസിൽ അയാൾ ജയിലിൽ കഴിഞ്ഞതാണ്. നിലവിൽ അയാൾ ജാമ്യത്തിലാണ്. ഈ സാഹചര്യത്തിൽ അയാളുടെ പ്രവൃത്തി ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കാവുന്നതാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
തമിഴ് ജനതയിൽ ഭൂരിപക്ഷവും വിഘടനവാദത്തെ എതിർക്കുന്നവരാണ്. ദേശീയ മുഖ്യധാരയോട് ചേർന്ന് നിൽക്കുന്നവരാണ് അവർ. അത്തരക്കാരെ അപമാനിക്കലാണ് ഡിഎംകെയുടെ ഇത്തരം പ്രസ്താവനകളെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.
തമിഴ്നാടിന് പ്രത്യേക പദവി നൽകണമെന്നും പെരിയാറുടെ ആശയം പിന്തുടർന്ന് തമിഴ് രാഷ്‌ട്രം എന്ന ആവശ്യത്തിലേക്ക് തങ്ങൾ പോയേക്കാമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഡിഎംകെ നേതാവും എം പിയുമായ എ രാജ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമിഴ്നാടിന് സംസ്ഥാന സ്വയംഭരണം നൽകാൻ തയ്യാറാകണമെന്നും രാജ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു രാജയുടെ വാക്കുകൾ.
Comments