ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ വൻ മുന്നേറ്റം സൃഷ്ടിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് യുഎസ് പ്രതിനിധി സംഘാംഗം ജെഎ മൂർ. ഇന്ത്യ തദ്ദേശീയമായി വാക്‌സിൻ വികസിപ്പിച്ചതും മഹാമാരി പ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെയും മൂർ അഭിനന്ദിച്ചു. തദ്ദേശീയമായും സഹകരണത്തോട് കൂടിയും മികച്ച പ്രതിരോധ മരുന്നുകൾ ലോകത്തിന് സംഭാവന നൽകിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് പ്രതിനിധി സംഘം അഞ്ച് ദിവസ പര്യടനത്തിനാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പ്രതിനിധികൾ, സെനറ്റുമാർ, മറ്റു യുഎസ് നേതാക്കൾ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഡോ. ശ്യാമള ഗോപാലൻ എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി (എസ്ജിഇഎഫ്) ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പങ്കെടുക്കും.വിദ്യാഭ്യാസ,സംരംഭക മേഖലയിലെ വിദഗ്‌ദ്ധരുമായി കൂടിക്കാഴ്ച നടത്തും.
പ്രതിനിധി സംഘത്തിന് വൻ സ്വീകരണമാണ് ഹൈദരാബാദിലെയും പൽവഞ്ചയിലെയും എസ്ജിഇഎഫ് ഓഫീസുകളിൽ നിന്ന് ലഭിച്ചത്. ശ്യാമള ഗോപാലന്റെ സ്വദേശത്ത് എത്താൻ കഴിഞ്ഞതിലും ആദരം അർപ്പിക്കാൻ കഴിഞ്ഞതിലും അഭിമാനിക്കുന്നതായി ജെഎ മൂർ പറഞ്ഞു. സംഘം ചെന്നൈയിലെ ശ്രീ റാം എഡ്യൂക്കേഷണൽ ട്രസ്റ്റും സന്ദർശിക്കുകയും എസ്ജിഇഎഫിന്റെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അമ്മയുടെ പേരിൽ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്ജിഇഎഫ്. കമല ഹാരീസിന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ശ്യാമള ഗോപാലൻ.കമലയുടെ അമ്മയുടെ സ്മരണയിൽ ആരംഭിച്ച ഈ ഫൗണ്ടേഷന്റെ ഉപദേശക സമിതി അംഗമാകാൻ പ്രധാന കാരണവും ഇതാണെന്ന് മൂർ വ്യക്തമാക്കി.
















Comments