തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി. മുന്‍ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണർ ആരിഫ് മുഹമ്മദ്ഖാനെ സന്ദർശിച്ചു. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായി നടപടി ആവശ്യപ്പെട്ടുകൊണ്ട് നേതാക്കൾ ഗവര്‍ണര്‍ക്ക് പരാതി നൽകി.
കുമ്മനം രാജശേഖരനൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ എന്നിവരും ഗവർണറെ സന്ദർശിച്ചു. സജിചെറിയാൻ ഒരു നിമിഷം പോലും ഔദ്യോഗിക സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയേയും നീതി പീഠത്തേയും പൊതുയോഗത്തിൽ അധിക്ഷേപിക്കുകയാണ് മന്ത്രി ചെയ്തത്. ഭരണഘടനയെ തൊട്ട് അധികാരത്തിലേറിയ മന്ത്രിക്ക് താൻ ചെയ്ത തെറ്റിന്റെ ഗൗരവം തിരിച്ചറിയാനുള്ള വിവേകമില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സജി ചെറിയാനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. അതേസമയം, സജി ചെറിയാനെ ന്യായീകരിച്ചാണ് സിപിഎമ്മും പാർട്ടി നേതാക്കളും രംഗത്ത് വന്നത്. നാവ് പിഴയാണെന്ന് ന്യായീകരിച്ച് എം.എ ബേബിയും, സജി ചെറിയാൻ രാജി വെയ്‌ക്കേണ്ടതില്ലെന്ന് സിപിഎമ്മും പറഞ്ഞു.
Comments