തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാൻ രാജിവച്ചത്. ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞ് കൊടുത്തത് കേട്ട് എഴുതി വച്ചതാണെന്നും, അതിന്റെ മൂലയിൽ മതേതരത്വം, ജനാധിപത്യം കുന്തം, കുടച്ചക്രം എന്നൊക്ക ചേർത്തിയിട്ടുണ്ട് എന്നതായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
പ്രസംഗം വിവാദമായപ്പോൾ നാക്ക് പിഴയാണെന്ന് വ്യക്തമാക്കി ഉന്നത സിപിഎം നേതാക്കൾ രംഗത്തെത്തിയെങ്കിലും ഒടുവിൽ അവർക്കും കൈ ഒഴിയേണ്ടി വന്നു. പ്രസംഗം രാജ്യം മുഴുവൻ ശ്രദ്ധയിൽ പെട്ടപ്പോൾ തളളി പറയാൻ കേന്ദ്ര നേതൃത്വവും നിർബന്ധിതരായി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ഒരു മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരുന്നത് രാജ്യത്ത് തന്നെ അപൂർവ്വമായ സംഭവമാണ്. ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മന്ത്രിസഭ രൂപീകരിക്കുന്നത്.
ഗവർണർ ചൊല്ലി കൊടുക്കുന്ന സത്യപ്രതിജ്ഞ ഏറ്റുചൊല്ലി മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് ഭരണഘടന പ്രകാരമാണ്. ഇങ്ങനെ ഭരണഘടനാ പ്രകാരം സ്ഥാനം ഏറ്റെടുത്ത മന്ത്രി അതിനെ അവഹേളിച്ച് സംസാരിക്കുന്നത് രാജ്യത്തോടും നിയമസംവിധാനങ്ങളോടുളള വെല്ലുവിളിയാണ്. വിവിധയിടങ്ങളിൽ നിന്നുളള സമ്മർദ്ദം കാരണം പാർട്ടിക്ക് സജി ചെറിയാനോട് രാജിവയ്‌ക്കാൻ ആവശ്യപ്പെടേണ്ടി വന്നു. എന്നാൽ നിയമസഭാംഗം എന്ന നിലയിൽ ഇപ്പോഴും തുടരുകയാണ്.
ഭരണഘടനയെ അപമാനിച്ചയാൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് പോലെ തന്നെ ഔചിത്യ കുറവ് നിയമസഭാംഗമായി തുടരുന്നതിലുമുണ്ട്. ഇക്കാര്യമാണ് നിമമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ചെങ്ങന്നൂരിൽ നിന്നുളള എംഎൽഎയായി സജി ചെറിയാന് എത്രകാലം തുടരാനാകുമെന്ന ചോദ്യവും പ്രസക്തമാണ്.
സജി ചെറിയാനെതിരെ കേസ് എടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അത് കൊണ്ട് രാജിവച്ചാലും നിയമനടപടികളുമായി അദ്ദേഹത്തിന് മുന്നോട്ട് പോകേണ്ടി വരുമന്ന് കാര്യം ഉറപ്പാണ്. താൻ ചെയ്ത പ്രസംഗം തെറ്റാണെന്നും അതിൽ ഖേദം പ്രകടിപ്പിക്കാനും ഈ നിമിഷം വരെ അദ്ദേഹം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്റെ നിയമസാംഗത്വവും ചോദ്യം ചെയ്യപ്പെടുന്നത്.
ഭരണഘടനപ്രകാരം തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നതും നിയമസഭ വിളിച്ചു ചേർക്കുന്നതും. ഭരണഘടനയെ പരസ്യമായി അധിക്ഷേപിച്ച ഒരാൾ നിയമസഭാ അംഗമായി തുടരുന്നതിലും നിയമപ്രശ്‌നം ഉയർന്നു വരുന്നുണ്ട്. രണഘടനയെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ സജി ചെറിയാന്റെ എംഎൽഎ സ്ഥാനവും തുലാസിലാണ്.
Comments