ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിംഗിന്റെയും രാജികൾ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. രാജ്യസഭാ അംഗത്വ കാലാവധി പൂർത്തിയാകുന്നതിന്റെ തലേ ദിവസമാണ് ഇരുവരും രാജി വെച്ചത്.
മുക്താർ അബ്ബാസ് നഖ്വി വഹിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്കും രാം ചന്ദ്ര പ്രസാദ് സിംഗ് വഹിച്ചിരുന്ന സ്റ്റീൽ മന്ത്രാലയത്തിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കും നൽകുമെന്ന് രാഷ്‌ട്രപതി ഭവൻ അറിയിച്ചു. നിലവിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് സ്മൃതി ഇറാനി. സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയാണ് ജ്യോതിരാദിത്യ സിന്ധ്യ. ഇരുവരും വഹിക്കുന്ന ചുമതലകൾക്ക് പുറമേയാണ് പുതിയ വകുപ്പുകൾ കൂടി നൽകിയിരിക്കുന്നത്.
മുതിർന്ന ബിജെപി നേതാവായ മുക്താർ അബ്ബാസ് നഖ്വി, പാർട്ടിയുടെ രാജ്യസഭാ ഉപനേതാവ് കൂടിയാണ്. ജെഡിയു പ്രതിനിധിയാണ് രാം ചന്ദ്ര പ്രസാദ് സിംഗ്. ഇരുവരും തങ്ങളുടെ കാലയളവിൽ രാജ്യത്തിന് ചെയ്ത സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി, ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
















Comments