മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്ക് വീണ്ടും തിരിച്ചടി. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ (ടിഎംസി) ശിവസേനയുടെ 66 പ്രതിനിധികൾ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറി. അതിനിർണായകമായ ബ്രിഹൻമുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താനെയിൽ നിന്നും ഉദ്ധവിന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
താനെയിലെ 66 ശിവസേന പ്രതിനിധികളും ബുധനാഴ്ച രാത്രി ഏകനാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചുവെന്നാണ് വിവരം. ആകെ 67 പ്രതിനിധികളുള്ള താനെ മുനിസിപ്പൽ കോർപ്പറേഷനിൽ 66 പേരും ഷിൻഡെ പക്ഷത്തേക്ക് എത്തിച്ചേർന്ന സാഹചര്യത്തിൽ ടിഎംസിയുടെ നിയന്ത്രണം ഉദ്ധവിന് നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിരിക്കുകയാണ്.
ബ്രിഹൻമുംബൈ കോർപ്പറേഷൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശ ഭരണകേന്ദ്രമാണ് താനെ മുനിസിപ്പൽ കോർപ്പറേഷൻ. വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ സംഭവവികാസങ്ങൾ ഉദ്ധവിന്റെ പക്കലുള്ള ശേഷിക്കുന്ന പിടിവള്ളികളാണ് നഷ്ടപ്പെടുത്തുന്നത്.
ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിതമായ അനവധി രാഷ്‌ട്രീയ മാറ്റങ്ങളാണ് മഹാരാഷ്‌ട്രയിൽ അരങ്ങേറിയത്. ദിവസങ്ങൾ നീണ്ട കനത്ത രാഷ്‌ട്രീയ പ്രതിസന്ധിക്കൊടുവിൽ ഉദ്ധവ് സർക്കാർ താഴെ വീഴുകയും പുതിയ സർക്കാർ രൂപീകൃതമാകുകയും ചെയ്തു. മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ചുമതലയേറ്റു. ബാലാസാഹേബ് താക്കറെയുടെ രാഷ്‌ട്രീയ മൂല്യങ്ങളും പ്രത്യയശാസ്ത്രവും തുടരുന്നത് ഷിൻഡെ പക്ഷ ശിവസേനയാണെന്ന് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള ശിവസേനയുടെ കോർപ്പറേഷൻ പ്രതിനിധികളും പുതിയ സർക്കാരിന് പിന്തുണ നൽകാൻ ആഗ്രഹിക്കുന്നുവെന്ന സൂചനകളാണ് ലഭ്യമാകുന്നത്.
heading
Comments