ന്യൂഡൽഹി: രാകേഷ് ജുൻജുൻവാലയുടെ മേൽനോട്ടത്തിലുള്ള ആകാശ എയറിന് പ്രവർത്തനാനുമതി നൽകി ഡിജിസിഎ. അനുമതി ലഭിച്ചതോടെ, വാണിജ്യാടിസ്ഥാനത്തിൽ ഈ മാസം തന്നെ കമ്പനി പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അനുമതി ലഭിച്ചതിനെ നിർണ്ണായകമായ നേട്ടം എന്നാണ് കമ്പനി വിശേഷിപ്പിച്ചത്.
മികച്ച മാർഗനിർദ്ദേശങ്ങളും പിന്തുണയും നൽകിയതിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന് നന്ദി പറയുന്നതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹാർദ്ദപരവും ഏത് സമയത്തും ആശ്രയിക്കാവുന്നതും ചിലവ് കുറഞ്ഞതുമായ സർവീസ് ആയിരിക്കും തങ്ങളുടേത് എന്നും കമ്പനി അവകാശപ്പെട്ടു.
ജൂലൈ 3ന് കമ്പനി ഒരു ടീസർ പുറത്തിറക്കിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ആയി പുറത്തിറങ്ങിയ ടീസറിൽ, ജീവനക്കാർ ജോലിക്ക് തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ടീസർ ശ്രദ്ധേയമായിരുന്നു.
ഫ്ലൈറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതി കഴിഞ്ഞ ഓഗസ്റ്റിൽ കമ്പനിക്ക് ലഭ്യമായിരുന്നു. രണ്ട് വിമാനങ്ങളുമായാണ് കമ്പനി പ്രവർത്തനം ആരംഭിക്കുക. ഓരോ മാസവും വിമാനങ്ങളുടെ എണ്ണം കൂടും. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 18 വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. തുടർന്ന്, ഓരോ വർഷവും 12 മുതൽ 14 വരെ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ സർവീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
















Comments