മലപ്പുറം : ഒളിമ്പ്യൻ ആകാശ് എസ് മാധവൻ വിവാഹിതനായി . വധു ഇന്തോനേഷ്യക്കാരി ദേവി സിതി സെന്ദരിയാണ്. അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നടന്നത്.
ആകാശിന്റെ കൂട്ടുകാരിയായിരുന്ന മെറിന്റെ സുഹൃത്താണ് സെന്ദരി. ഒരു മത്സരത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് സമൂഹമാദ്ധ്യമത്തിലൂടെ ഇരുവരും കൂടുതൽ അടുത്തു. ഒടുവിൽ ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുകയായിരുന്നു.പെരിന്തൽമണ്ണയിൽ ആയുർവേദിക് സൗന്ദര്യവത്കരണ ഉത്പന്നങ്ങളുടെ കച്ചവടമാണ് ആകാശിന്. ഇന്തോനേഷ്യയിലെ ഒരു നിർമ്മാണക്കമ്പനിയിൽ അക്കൗണ്ടന്റാണ് സെന്ദരി. ഇവരുടെ വീട് ജക്കാർത്തയ്‌ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് . കൂടാതെ സുഹർടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സെന്ദരി.
മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവൻ – ഗീത ദമ്പതികളുടെ മകനാണ് ആകാശ്.2013, 2017 വർഷങ്ങളിൽ പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി ആകാശ് മെഡൽ നേടിയിരുന്നു.2013ൽ അമേരിക്കയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്സിൽ ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടി കൊണ്ടാണ് ആകാശ് താരമായത്. പിന്നാലെ 2017-ൽ കാനഡയിൽ നടന്ന ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി വെങ്കലവും സ്വന്തമാക്കി.
അതേസമയം ബി.ജെ.പി.യുടെ മലപ്പുറം ജില്ലാ സ്പോർട്‌സ് സെൽ കൺവീനർ കൂടിയാണ് ആകാശ് .2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
Comments