ശ്രീനഗർ: ലഡാക് മേഖലയിൽ ചൈനയുടെ വിമാനം അതിർത്തികടന്നുവെന്ന വാർത്ത കൾക്ക് പിന്നാലെ കൂടുതൽ നിയമലംഘന നീക്കങ്ങൾ പുറത്തുവിട്ട് സൈന്യം. ചൈന നടത്തിയത് ആസൂത്രിത നിരീക്ഷണമാണെന്നും നിയന്ത്രണരേഖയിൽ അബദ്ധത്തിൽ വിമാനം എത്തിയതല്ലെന്നുമാണ് ഇന്ത്യൻ സൈന്യം അറിയിക്കുന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. തീയതി വെളിപ്പെടുത്താൻ സൈന്യം തയ്യാറല്ല. അതേ സമയം നിയന്ത്രണരേഖയിൽ ചൈനയ്‌ക്കെതിരെ അമ്പതിലേറെ വിമാനങ്ങൾ അതിവേഗം ആകാശത്തേയ്‌ക്ക് ഉയർന്നതോടെ ചൈന അമ്പരന്നുവെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന. കരസേനയുടേയും വ്യോമസേനയുടേയും ഏറ്റവും അത്യാധുനിക കേന്ദ്രങ്ങൾ ഇന്ത്യ സജ്ജമാക്കിയതിലുള്ള വെറിളിയാണ് ചൈന കാണിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
ലഡാക്കിലെ പല മേഖലയിലും ഇനിയും ഇരുരാജ്യങ്ങളും നിയന്ത്രണരേഖയുടെ അതിര് ഏത് എന്നതിൽ സമന്വയത്തിൽ എത്തിയിട്ടില്ല എന്നതാണ് ചൈന അവസരമായി എടുക്കുന്നത്. ഒപ്പം വൻ സൈനിക സന്നാഹങ്ങളുടെ പരിശീലനം പാഗോംഗ് സോ തടാകക്കരയുടെ മറുവശത്ത് ചൈന പലപ്പോഴും തുടരുകയാണ്. കഴിഞ്ഞ മാസം പരിശീലനം നടത്തിയതിന്റെ വിവരങ്ങളെ ഇന്ത്യ ഗൗരവത്തിലാണ് കാണുന്നത്.
നിരവധി സൈനികരുടെ പരിശീലനവും മാർച്ചും ചൈന നടത്തി. ടാങ്കുകൾ, കവചിത വാഹനങ്ങൾ എന്നിവയ്‌ക്കൊപ്പം റഷ്യൻ നിർമ്മിത എസ്-400 മിസൈൽ വിക്ഷേപണികളും കരയിൽ അണിനിരന്നപ്പോൾ നൂറിലേറെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ചൈന അണിനിരത്തി. പരിശീലനത്തിന്റെ ഭാഗമായ പ്രദർശനത്തിന് ലഡാക് അതിർത്തിയിൽ ഇവയെല്ലാം ഒരേ ദിവസം ഉപയോഗിച്ചതിന്റെ തെളിവുകളും ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
ചൈനീസ് യുദ്ധവിമാനങ്ങൾ ആകാശത്ത് അസാധാരണമായി എണ്ണത്തിൽ കൂടുതൽ കണ്ടെത്തിയത് ഇന്ത്യൻ റഡാറുകളാണ്. ഇതോടെ സർവ്വസജ്ജമായ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ആകാശത്തേയ്‌ക്ക് ഉയരുകയും വിമാനങ്ങളെ വളയുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് ചൈനീസ് വിമാനങ്ങൾ പിന്മാറിയത്. ഇന്ത്യ നൽകിയ റിപ്പോർട്ടു കൾക്ക് മറുപടി നൽകാതിരുന്ന ചൈന പക്ഷെ ഒരു മാസത്തിനിടെ ഒരു തവണ പോലും അതിർത്തിയിലെ പ്രകോപനം ആവർത്തിച്ചിട്ടില്ലെന്നാണ് സൈന്യം അറിയിക്കുന്നത്.
















Comments