കൊളംബോ: ഇന്ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ഭക്ഷ്യക്ഷാമം വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ധന വില വർധനവ് കാരണം ബേക്കറി വ്യവസായവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യത്തിൽ വരുന്ന രണ്ട് ദിവസത്തിനുള്ളിൽ കടകളിൽ നിന്നും റൊട്ടിയും മറ്റു ഭക്ഷണപദാർത്ഥങ്ങളും തീരുമെന്ന് ഓൾ സിലോൺ ബേക്കറി ഓണേഴ്‌സ് അസോസിയേഷൻ (എസിബിഒഎ) അറിയിച്ചു. ഇവ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. വില വർദ്ധനവും പ്രതികൂലമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയവർദ്ധന അറിയിച്ചു.
നിലവിലെ സാമ്പത്തിക സാഹചര്യം കണക്കെടുത്ത് 50 ശതമാനത്തിലധികം നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. ബാക്കിയുള്ളവയുടെ നിർമാണവും ഉടനെ തന്നെ അവസാനിക്കുമെന്നും അറിയിച്ചു. ഇന്ധനക്ഷാമം മൂലം ബേക്കറി വ്യവസായം കടുത്ത ഭീഷണി നേരിടുന്നതായി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഭരണകൂടവും ഊർജ്ജവകുപ്പ് മന്ത്രിയും പ്രതികരിച്ചില്ലെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. അവശ്യസേവനങ്ങളുടെ പട്ടികയിലാണ് ബേക്കറി നിർമാണവും.എന്നാൽ ഇതിനെ വീണ്ടെടുക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല എന്ന് അദ്ദേഹം പറഞ്ഞു.
1948 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആയിരങ്ങളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതും സർക്കാരിന്റെ ഭാഗത്ത് നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്താത്തതുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
ജനങ്ങൾ പ്രസിഡന്റ് ഗോതബായ രാജ്പക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്തു. അധികാരികൾ രാജി വെയ്‌ക്കാതെ വീട് വിട്ടുപോകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. വേൾഡ് ഫുഡ് പ്രോഗ്രമിന്റെ പുതിയ ഭക്ഷ്യ അരക്ഷിതാവസ്ഥ കണക്കുകൾ പ്രകാരം 6.26 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നവരാണ്.
















Comments