ന്യൂഡൽഹി: രാജ്യവ്യാപക സുരക്ഷാ ഓഡിറ്റ് റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്). പാസഞ്ചർ കേബിൾ കാറുകളുടെയും റോപ്പ്‌വേ സംവിധാനങ്ങളുടെയും സുരക്ഷ വീഴ്ചകൾ കണ്ടെത്തി അപകട സമയത്ത് ഫലപ്രദമമായി രക്ഷാപ്രവർത്തനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി ബ്ലൂപ്രിന്റ് തയ്യാറാക്കുകയും ചെയ്യും. യാത്രയ്‌ക്കിടെ കുടുങ്ങിപോകുന്നവരെ രക്ഷിക്കുന്നതിനായി രക്ഷാപ്രവർത്തകർക്ക് പരിശീലനവും നൽകും. ഇത്തരം കാറുകളിൽ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളായ പുള്ളികളും കാരാബൈനറുകളും മറ്റും വാങ്ങിക്കുമെന്നും എൻഡിആർഎഫ് അറിയിച്ചു.
ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ റോപ്പ് വേ അപകടങ്ങൾ നടന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് സേന ഒരുങ്ങുന്നത്. ഝാർഖണ്ഡിലെ ദിയോഗഢ് ജില്ലയിലെ ത്രികൂട് മലനിരകളിൽ 40 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനു ശേഷമാണ് 12 പേരെ രക്ഷിക്കാനായത്. സംഭവത്തിൽ 3 പേർ മരിച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്‌സ്, എൻഡിആർഎഫ്, സൈന്യം, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്, പ്രദേശിക ഭരണകൂടം തുടങ്ങിയവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഹിമാചൽപ്രദേശിൽ സോളൻ ജില്ലയിൽ ആറു മണിക്കൂർ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് 11 പേരെ രക്ഷിച്ചത്.
രാജ്യത്തെ മുഴുവൻ റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും പ്രശ്‌നങ്ങൾ മനസിലാക്കി ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്താനാണ് ഇത്തരത്തിൽ ഓഡിറ്റിംഗ്. യാത്രക്കാരെയും വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ഗതാഗതത്തിന് ഉപയോഗിക്കുന്നതിനായി 50 ഓളം സംവിധാനങ്ങളാണ് ഇത്തരത്തിലുള്ളതെന്നും എൻഡിആർഎഫ് ജനറൽ ഡയറക്ടർ അതുൽ കർവാൾ അറിയിച്ചു.
16 എൻഡിആർഎഫ് ബറ്റാലിയനുകളിൽ നിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥരുടെ സംഘം റോപ്പ്വേ സംവിധാനങ്ങൾ സന്ദർശിച്ച് സുരക്ഷാ പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അറിയിച്ചു. ഓപ്പറേറ്റർമാർക്ക് പരിഹാര നടപടികൾ ശുപാർശ ചെയ്യും. സർവേയ്‌ക്ക് ശേഷം കൂടുതൽ പഠനങ്ങൾ ഉണ്ടാകുമെന്നും കർവാൾ പറഞ്ഞു.റോപ്വേ റെസ്‌ക്യൂ നടത്തുന്നത് രക്ഷാപ്രവർത്തകരെ പഠിപ്പിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
















Comments