ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാൻ നടപടികൾ അനിവാര്യമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വരുന്നതിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്. എല്ലാ മതങ്ങൾക്കും ഒരേ പോലെ ബാധകമാകുന്ന ഒരു നിയമമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയേക്കാൾ ജനസംഖ്യാ വളർച്ചാ നിരക്ക് ഇന്ത്യയിൽ കൂടുതലാണ്. ചൈനയിൽ ഒരു മിനുട്ടിൽ 10 കുട്ടികൾ ജനിക്കുമ്പോൾ ഇന്ത്യയിൽ മിനുട്ടിൽ 30 കുട്ടികളാണ് ജനിക്കുന്നത്. ഈ സാഹചര്യത്തിൽ, രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ വിഭവങ്ങൾ പരിമിതമാണ്. എന്നാൽ നമ്മുടെ ജനസംഖ്യ വലിയ തോതിൽ വികസിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുന്നത് ശുഭകരമാകില്ല. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് അറിയിച്ചു.
അതേസമയം, ഇന്ത്യയിൽ ജനസംഖ്യാ വിസ്ഫോടനം ഉണ്ട് എന്ന പ്രചാരണം തള്ളി എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത് വന്നു. ജനസംഖ്യാ വിസ്ഫോടനം ഉണ്ടെന്ന പ്രചാരണം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും വ്യാജ വാർത്തയാണെന്നും ഒവൈസി ആരോപിച്ചു.
Comments