ന്യൂഡൽഹി: 2023 ലെ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിനായുള്ള രൂപരേഖ തയ്യാറാക്കി ബിജെപി ഘടകം. മുൻ കെസിആർ സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ബിജെപി സർക്കാർ അധികാരത്തിലേറിയാൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി ജൂലൈ 21 മുതൽ 15 സ്ഥലങ്ങളിലായി മോട്ടോർ സൈക്കിൾ യാത്രയും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുമെന്നും തെലങ്കാനയുടെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് തരുൺ സിംഗ് അറിയിച്ചു. ‘പല്ലെ ഗോസ-ബിജെപി ഭരോസ’ എന്ന പേരിലാകും പരിപാടി നടക്കുക. പരിപാടിയുടെ ഭാഗമായി 30 കേന്ദ്ര മന്ത്രിമാർ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പാർട്ടിയുടെ ദേശീയ നിർവാഹക സമിതി യോഗം ഹൈദരാബാദിൽ നടന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രാഷ്‌ട്രീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരുന്നു.തന്ത്രങ്ങൾ ഇല്ലാത്ത പാർട്ടിയാണ് ബിജെപിയെന്നാണ് അദ്ദേഹം പറഞ്ഞത്.യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രിയ്‌ക്ക് എങ്ങനെ അറിയാൻ കഴിയുമെന്നും തന്ത്രങ്ങൾ ഇല്ലാതെ ബിജെപി എങ്ങനെ 18 സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഭാഷ തീരെ മോശമാണെന്നും അദ്ദേഹം അപലപിച്ചു.
കെസിആർ സർക്കാർ ഭരിച്ച് താറുമാറാക്കിയ തെലങ്കാനയിൽ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിയുടെ സങ്കൽപ്പയാത്രയിൽ പങ്കെടുത്തവരുടെ എണ്ണം. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി യോഗം ഹൈദരാബാദിൽ നടന്നതും ബിജെപിയ്‌ക്ക് ശുഭപ്രതീക്ഷ നൽകുന്നുവെന്ന് തരുൺ സിംഗ് വ്യക്തമാക്കി.
സംസ്ഥാനത്ത് പാർട്ടി വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ബണ്ടി സഞ്ജയിന്റെ നേതൃത്വത്തിലുള്ള പ്രജ സംഗമ യാത്രയുടെ മൂന്നാം ഘട്ടം ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുമെന്ന് അറിയിച്ചു.2000 ത്തിനടുത്ത് ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. ആദ്യ ദിനത്തിൽ 400 ഓളം ആളുകൾ പങ്കുച്ചേരും. ഓരോ നിയോജക മണ്ഡലങ്ങളിലേയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കുകയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. യാത്രയുടെ ഭാഗമായി ഇരുചക്ര റാലിയും ഉണ്ടാകും.
















Comments