റോബോട്ട് മത്സ്യത്തെ വികസിപ്പിച്ചെടുത്ത് ഗവേഷകർ. സമുദ്രത്തിലെ മാലിന്യങ്ങൾ ആഗിരണം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് റോബോട്ട് മത്സ്യത്തെ ഗവേഷകർ വികസിപ്പിച്ചത്. ഇവ സമുദ്രത്തിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്ച്വാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് റോബോട്ട് മത്സ്യത്തെ വികസിപ്പിച്ചത്.
ലോകത്തിലെ മലിനമായ സമുദ്രങ്ങൾ വൃത്തിയാക്കാൻ ഒരു ദിവസം ഈ റോബോട്ട് മത്സ്യത്തെ ആശ്രയിക്കേണ്ടി വന്നേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ജീവനുള്ള മത്സ്യത്തിന്റെ ആകൃതിയിൽ മത്സ്യത്തിനുള്ള അതേ ചലനശേഷിയിലാണ് റോബോട്ട് ഫിഷ് വികസിപ്പിച്ചിട്ടുള്ളത്.
30 തരം രൂപകൽപനകളിൽ ഏകദേശം 40 വ്യത്യസ്ത ഇനം മത്സ്യങ്ങളെ നേരത്തെ നിർമിച്ചിരുന്നു. അവയ്‌ക്ക് വെള്ളത്തിൽ ഒഴുകാനും നീന്തികളിക്കാനും മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ റോബോട്ട് ഫിഷിന് വലിയ ദൗത്യമാണ് ശാസ്ത്രജ്ഞർ ഏൽപ്പിച്ചിട്ടുള്ളത്.
സ്പർശിക്കുമ്പോൾ യഥാർത്ഥ മത്സ്യങ്ങൾക്കുള്ളത് പോലെ മൃദുവായ ശരീരം തന്നെയാണ് റോബോട്ട് ഫിഷിനുള്ളത്. കൂടാതെ 1.3 സെന്റീമീറ്റർ വലിപ്പവും റോബോട്ട് മത്സ്യത്തിനുണ്ട്. ഇവയെ നിക്ഷേപിക്കുന്ന ജലാശയത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക്ക് സ്വാംശീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് നിർമാണം. ഭാവിയിൽ സമുദ്രത്തിലേയും മറ്റ് ജലാശയങ്ങളിലേയും മാലിന്യങ്ങൾ വൃത്തിയാക്കാൻ ഇത്തരം റോബോട്ടുകൾ സഹായിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു.
നിലവിൽ പരീക്ഷണം പൂർത്തിയാക്കിയ റോബോട്ട് ഫിഷിനെ ആഴം കുറഞ്ഞ ജലാശയത്തിലാണ് നിക്ഷേപിച്ചത്. അവ ജലാശയത്തിലെ മൈക്രോപ്ലാസ്റ്റിക് മുഴുവൻ വലിച്ചെടുത്തതായി ഗവേഷകർ അറിയിച്ചു. ഇനി ഇവയെ കൂടുതൽ ഭാരമേറിയ ദൗത്യങ്ങൾ ഏൽപ്പിച്ച് പരീക്ഷിക്കുന്നതാണ്.
റോബോട്ട് മത്സ്യങ്ങളെ സമുദ്രത്തിലോ ജലാശയങ്ങളിലോ നിക്ഷേപിച്ചാൽ മറ്റ് മത്സ്യങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റ് മത്സ്യങ്ങൾ റോബോട്ടിനെ വിഴുങ്ങിയാലും പ്രശ്‌നമില്ലെന്നാണ് ഗവേഷകർ പറയുന്നത്. അത് യഥാർത്ഥ മത്സ്യങ്ങൾക്ക് ജീവഹാനിയുണ്ടാക്കില്ലെന്നും റോബോട്ട് ഫിഷ് ദഹിച്ച് പോകുമെന്നും ഗവേഷകർ വ്യക്തമാക്കി. പോളിയുറീൻ ഉപയോഗിച്ച് നിർമ്മിച്ചതിനാലാണ് റോബോട്ട് ഫിഷ് യഥാർത്ഥ മത്സ്യങ്ങളെ ദോഷകരമായി ബാധിക്കാത്തതെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
















Comments