ലണ്ടൻ: നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികത്തിൽ അന്നത്തെ ഇന്ത്യൻ ക്യാപ്ടനായിരുന്ന സൗരവ് ഗാംഗുലിക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം. ആദരം ഏറ്റുവാങ്ങാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നിലവിലെ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി പറഞ്ഞു. ആറ് മാസങ്ങൾക്ക് മുൻപ്, ചടങ്ങിന്റെ വിശദാംശങ്ങൾ ബ്രിട്ടീഷ് സർക്കാർ അറിയിച്ചിരുന്നതായി ഗാംഗുലി കൂട്ടിച്ചേർത്തു.
2002ലെ നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ വീഡിയോ താൻ ഇടയ്‌ക്കിടെ സാമൂഹിക മാദ്ധ്യമത്തിൽ കാണാറുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിൽ പരാജയപ്പെടുത്തുക എന്നതിനേക്കാൾ വലുതായി മറ്റൊന്നും ഇല്ല. ഇപ്പോഴത്തെ ഇന്ത്യൻ ടീമും ഇതാണ് ചെയ്യുന്നതെന്നും, അതിൽ സന്തോഷമുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾക്ക് പുറമെ ശ്രീലങ്കയും കൂടി പങ്കെടുത്ത ത്രിരാഷ്‌ട്ര ഏകദിന പരമ്പരയായിരുന്നു 2002ലെ നാറ്റ്‌വെസ്റ്റ് സീരീസ്. ഗ്രൂപ്പ് റൗണ്ടിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഫൈനലിന് യോഗ്യത നേടിയത്. ലോർഡ്സിൽ നടന്ന ആവേശകരമായ ഫൈനലിൽ, ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു. 49.3 ഓവറിൽ 326 റൺസ് പിന്തുടർന്നായിരുന്നു ഇന്ത്യയുടെ വിജയം.
43 പന്തിൽ 60 റൺസ് നേടിയ ക്യാപ്ടൻ ഗാംഗുലിയെ അലക്സ് ട്യൂഡർ പുറത്താക്കി. ഇന്ത്യ പരാജയത്തെ അഭിമുഖീകരിച്ച് പതറിയ സമയത്ത് ഒത്തു ചേർന്ന യുവതാരങ്ങളായ യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേർന്ന് 120 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 75 പന്തിൽ 87 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച കൈഫായിരുന്നു കളിയിലെ താരം. വിജയ ശേഷം ജേഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തിയ ഗാംഗുലിയുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Comments