ഗുവാഹട്ടി ; അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇരുചക്ര വാഹനത്തിൽ എത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. താമുൽപൂർ ജില്ലയിൽ സന്ദർശനംനടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇരുചക്ര വാഹനത്തിൽ പ്രളയബാധിത മേഖലകൾ സന്ദർശിച്ചത്. ബഗരിബാരി എംബാങ്ക്‌മെന്റിലേക്കായിരുന്നു യാത്ര. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദിവസങ്ങളായി തുടരുന്ന പ്രളയത്തിനിടയിലും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് വിലയിരുത്താനും ആശ്വിസിപ്പിക്കാനും മുഖ്യമന്ത്രി എത്തിയത് പലരിലും അത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇരുചക്ര വാഹനത്തിൽ പുഴയ്‌ക്ക് സമീപമെത്തിയ അദ്ദേഹം ബോട്ടിൽ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പമാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തത്. തുടർന്ന് ജനങ്ങളുമായി മുഖ്യമന്ത്രി സംവദിച്ചു.
Took a motor-bike ride to Bagaribari embankment breach site during my visit to Tamulpur. pic.twitter.com/uE4z8TgqV0
— Himanta Biswa Sarma (@himantabiswa) July 14, 2022
ദിവസങ്ങളായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലം അസമിലെ ജനങ്ങൾ ദുരിതത്തിലാണ്. അഞ്ച് ജില്ലകളിലായി 2,50,300 പേരെ ഇത് ബാധിച്ചു. കച്ചാർ, ചിരാംഗ്, മോറിഗാവ്, നാഗോൺ, താമുൽപൂർ എന്നീ ജില്ലകളാണ് ഭാഗികമായി വെള്ളത്തിനടിയിലായത്.
വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ അസം സർക്കാർ നാല് ജില്ലകളിലായി 76 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3,139 കുട്ടികളടക്കം 17,014 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്.
ബോംഗൈഗാവ്, ധുബ്രി, കാംരൂപ്, ലഖിംപൂർ, മജുലി, മോറിഗാവ്, സൗത്ത് സൽമാര, ടിൻസുകിയ ജില്ലകളിൽ് വൻ മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കായലുകളും, റോഡുകളും, പാലങ്ങളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്.
Comments