പന്നിയുടെ ജനിതക മാറ്റം വരുത്തിയ ഹൃദയം മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യരിലേക്ക് മാറ്റിവെച്ചു. ന്യൂയോർക്ക് സർവ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയെന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വിദഗ്ധർ അറിയിച്ചു. ഭാവിയിൽ ഹൃദ്രോഗികളിൽ പന്നികളുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ലാങ്കോണിലെ ടിഷ് ഹോസ്പിറ്റലിൽ രണ്ട് ദിവസങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്. ജൂൺ 16, ജൂലൈ 6 തീയ്യതികളിലാണ് സെനോട്രാൻസ്പ്ലാന്റുകൾ എന്ന ശസ്ത്രക്രിയ നടത്തിയത്. ലാങ്കോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ നാദർ മോസ്മിയാണ് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയത്.
ഹൃദയം മാറ്റിവെയ്‌ക്കലിന് ശേഷം മൂന്ന് ദിവസത്തോളം ഒരു രോഗിയെ നിരീക്ഷിച്ചു. വിശദമായ നിരീക്ഷണത്തിൽ രോഗികളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. യന്ത്രങ്ങളെ ആശ്രയിക്കാതെയാണ് അധികവും ഇവ പ്രവർത്തിച്ചത്. ഹൃദയം മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയിൽ സ്വീകരിക്കുന്ന സാധാരണ നടപടിക്രമങ്ങളാണ് ഇതിലും നടപ്പിലാക്കിയത് എന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ഇതിന് മുമ്പ് പന്നിയുടെ ഹൃദയം മനുഷ്യരിൽ വച്ചുപിടിപ്പിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം രോഗി മരണപ്പെടുകയായിരുന്നു. 57 കാരനാണ് മേരിലാൻഡ് സർവകലാശാലയിൽ നടന്ന ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് മാറ്റിവെച്ചത്. എന്നാൽ രണ്ട് മാസത്തിനകം ഇയാൾ മരിച്ചു. മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ മസ്തിഷ്‌ക രോഗം ബാധിച്ചവരിൽ നടത്തിയ പരീക്ഷണം വിജയകരമാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.
Comments