ന്യൂഡൽഹി: വാനരവസൂരി വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിർണായക നടപടികൾ കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ കേസുകൾ സ്ക്രീൻ ചെയ്യാനും പരിശോധിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഐസൊലേഷൻ, ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ആശുപത്രി
ജീവനക്കാർ, ലോജിസ്റ്റിക്കൽ സപ്പോർട്ട് എന്നിവ തയ്യാറാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ ഒരു മലയാളിക്ക് വാനരവസൂരി
വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർദേശം. മെയ് 31 ന് തന്നെ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
ആരോഗ്യ സ്ക്രീനിങ് ടീമുകൾ, രോഗ നിരീക്ഷണ സംഘങ്ങൾ, ഡോക്ടർമാർ തുടങ്ങിയവരെ സജ്ജരാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. രോഗം സംശയിക്കുന്നവരെ സമൂഹത്തിൽ ഇടപഴകുന്നതിന് മുൻപ് തന്നെ പരിശോധനയ്ക്ക് വിധേയരാക്കണം. ഐസൊലേഷനും നിരീക്ഷണവും യഥാസമയമുളള ചികിത്സയുമാണ് ജീവഹാനി ഒഴിവാക്കാനുളള വഴിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
രോഗവ്യാപനം നേരിടാൻ ആശുപത്രികളെയും സജ്ജമാക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ആവശ്യത്തിന് ജീവനക്കാരെ ഉറപ്പുവരുത്തണം. രോഗം സ്ഥിരീകരിച്ചാൽ അവരെ ചികിത്സിക്കാനുളള സംവിധാനം തിരഞ്ഞെടുക്കുന്ന ആശുപത്രികളിൽ ഏർപ്പെടുത്തണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പിന്തുണയും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകുമെന്നും രാജേഷ് ഭൂഷൺ കൂട്ടിച്ചേർത്തു.
Comments