കൊളംബോ: രജപക്‌സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയോട് സഹോദരനെ പോലെ ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. കനത്ത പ്രതിഷേധങ്ങൾക്കിടയിൽ സഹോദരൻ ഗോതബായ രജപക്‌സെ രാജ്യം വിടുകയും പിന്നീട് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് സുപ്രീംകോടതി യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
രാജിവെച്ചൊഴിഞ്ഞ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ സഹോദരന്മാരായ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും മുൻ ധനമന്ത്രി ബേസിൽ രജപക്‌സെയും നിലവിലെ സാഹചര്യത്തിൽ ശ്രീലങ്ക വിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക-രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയുണ്ടായ കനത്ത പ്രതിഷേധങ്ങൾക്കിടെ ഗോതബായ ശ്രീലങ്ക വിട്ട് മാലദ്വീപിലേക്ക് പോയിരുന്നു. അവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് സഹോദരന്മാർ ഇപ്രകാരം രാജ്യം വിട്ട് രക്ഷപ്പെടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചത്.
രണ്ട് മാസം മുമ്പായിരുന്നു ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി കനത്തതോടെ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രജപക്‌സെ രാജിവെച്ചത്. കഴിഞ്ഞ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോയതോടെയാണ് രജപക്‌സെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ദേശീയ ചാനൽ കെട്ടിടവുമെല്ലാം കീഴടക്കി. ദ്വീപ് രാജ്യത്തിലെ 2.2 കോടി ജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ രാജിവെച്ച് ഒഴിയണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
Comments