ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കൊറോണ പ്രതിരോധ യജ്ഞത്തിൽ മറ്റൊരു നാഴിക കല്ല് പിന്നിടാൻ ഇന്ത്യ. വാക്സിനേഷൻ പരിപാടിയുടെ വൻ വിജയത്തോടെ രാജ്യം ഇപ്പോൾ 200 കോടി ഡോസ് കൊറോണ വാക്സിൻ എന്ന നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കോവിൻ പ്ലാറ്റ്ഫോമിൽ ലഭ്യമായ വിവരമനുസരിച്ച് 200 കോടി നേട്ടത്തിന് ഇപ്പോൾ ഏകദേശം 10 ലക്ഷത്തോളം കുത്തിവയ്പ്പുകൾ ആവശ്യമാണ്. നിലവിൽ ഇന്ത്യയിലെ വാക്സിനേഷൻ 199.90 കോടി കവിഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
2021 ജനുവരി 16ന് രാജ്യവ്യാപകമായി വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകി. മുൻനിര പ്രവർത്തകർക്കുള്ള കുത്തിവയ്പ്പ് കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് തുടങ്ങി. മുതിർന്ന പൗരന്മാർക്കും (60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും) 45 വയസ്സിനു മുകളിലുള്ളവർക്കും നിർദ്ദിഷ്ട രോഗാവസ്ഥകളോടെയുള്ള വാക്സിനേഷന്റെ അടുത്ത ഘട്ടം കഴിഞ്ഞ വർഷം ഏപ്രിൽ 1ന് ആരംഭിച്ചു.
2021 മെയ് 1 മുതൽ എല്ലാ മുതിർന്നവർക്കും കൊറോണ വൈറസിനെതിരെ വാക്സിനേഷൻ നൽകിക്കൊണ്ട് കാമ്പെയ്നിന്റെ പരിധി വിപുലീകരിക്കാൻ കേന്ദ്രം തീരുമാനിച്ചു. മാർച്ച് 16 മുതൽ രാജ്യം 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ തുടങ്ങി. ബൂസ്റ്റർ ഡോസ് ഏപ്രിൽ 10ന് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകാൻ തുടങ്ങി.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 75 ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
Comments