ന്യൂഡൽഹി ; ഗോധ്രാനന്തര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കോൺഗ്രസ് കുടുക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാന്റിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം സോണിയ ഗാന്ധിയാണെന്നും അഹമ്മദ് പട്ടേലിനെ മുൻനിർത്തി കോൺഗ്രസ് അദ്ധ്യക്ഷ കളിക്കുകയായിരുന്നെന്നും ബിജെപി വക്താവ് സാംപിത് പത്ര പറഞ്ഞു.
ഗോധ്രാനന്തര കലാപക്കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തീസ്ത സെതൽവാദ് ജനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിച്ചിരുന്നത്. ഗുജറാത്തിന്റെ സൽപ്പേര് കെടുത്താൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് നടന്നത് എന്നും പത്ര പറഞ്ഞു.
അഹമ്മദ് പട്ടേലിനെ മുൻനിർത്തി അയാളുടെ ബോസാണ് എല്ലാ നീക്കങ്ങളും നടത്തിയത്. സെതൽവാദിന് പണം നൽകിയത് കോൺഗ്രസ് ആണ്.തന്റെ രാഷ്‌ട്രീയ ഉപദേഷ്ടാവിലൂടെ ഗുജറാത്തിനെ തകർക്കാൻ സോണിയ ഗാന്ധി ശ്രമിച്ചു, നരേന്ദ്ര മോദിയെ അപമാനിക്കാൻ ശ്രമിച്ചു. ഗൂഢാലോചനയുടെ ശിൽപി തന്നെ സോണിയ ഗാന്ധിയായിരുന്നുവെന്നും സാംപിത് പത്ര പറഞ്ഞു.
ഗുജറാത്തിൽ അധികാരത്തിലിരുന്ന മോദി സർക്കാരിനെ താഴെയിറക്കാനും നരേന്ദ്ര മോദിയെ കുടുക്കാനും അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ തീസ്ത സെതൽവാദിന് എത്തിച്ച് നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മുൻ രാജ്യസഭാംഗവും, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന നടന്നത്. ഗോധ്രാനന്തര കലാപക്കേസിൽ ബിജെപി നേതാക്കളെ കുടുക്കാൻ തീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഓഫീസർമാരായ ആർബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത് എന്നതിനും തെളിവുണ്ട്.
















Comments