ചെന്നൈ: ചെസ് ഒളിമ്പ്യാഡിനെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ചെന്നൈ. ചെന്നൈയിലെ പ്രസിദ്ധമായ ഇടങ്ങളിലെല്ലാം ഇതിനായുളള ഒരുക്കങ്ങൾ തകൃതിയാണ്. 44 ാമത് ലോക ചെസ് ഒളിമ്പ്യാഡിനാണ് ചെന്നൈ സാക്ഷ്യം വഹിക്കുക. മാമല്ലപുരം പൂഞ്ചേരി വില്ലേജിലാണ് ഒളിമ്പ്യാഡിന് വേദിയൊരുങ്ങുന്നത്.
ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെയാണ് ഒളിമ്പ്യാഡ് നടക്കുന്നത്. ചെന്നൈയിലെ നേപ്പിയർ പാലം ഉൾപ്പെടെ ഇതിനായി അണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു. നേപ്പിയർ പാലത്തിന്റെ ആർച്ചുകളും കൈവരികളും പാലത്തിലൂടെയുളള റോഡും എല്ലാം ചെസ് ബോർഡിന്റെ നിറങ്ങൾ പൂശി. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലൂടെയാണ് വാഹനങ്ങളും സഞ്ചരിക്കുന്നത്.
നേപ്പിയർ പാലത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. 187 രാജ്യങ്ങളിൽ നിന്നുളള 2000 ത്തിലധികം കളിക്കാരാണ് ചെസ് ഒളിമ്പ്യാഡിൽ മാറ്റുരയ്‌ക്കുക. ഇന്ത്യയിൽ ക്രിക്കറ്റിന്റെ മാറ്റമായിരുന്നു 1983 ലെ ലോകകപ്പ് വിജയം. അതുപോലെ രാജ്യത്തെ ചെസ് കളിയുടെ മാറ്റമാണ് ഒളിമ്പ്യാഡിലൂടെ സംഭവിക്കുകയെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് കപൂർ പറഞ്ഞു.
നേരത്തെ ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ പ്രയാണത്തിന് വൻ വരവേൽപാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയത്. 39 ദിവസമായിരുന്നു ദീപശിഖാ പ്രയാണം.
Comments