പട്ന : സർക്കാർ ജീവനക്കാർ പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി പ്രത്യേക അനുമതി വേണം. ബീഹാർ സർക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ രണ്ടാമത് വിവാഹം കഴിക്കണമെങ്കിൽ അതത് വകുപ്പുകളെ അറിയിക്കുകയും ആവശ്യമായ അനുമതി നേടുകയും വേണം.
എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവരുടെ വൈവാഹിക നിലയെക്കുറിച്ച് അറിയിക്കണമെന്നും ആവശ്യമായ അനുമതി നേടിയാൽ മാത്രമേ അവർക്ക് രണ്ടാം വിവാഹത്തിന് അർഹതയുള്ളൂവെന്നും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. രണ്ടാം തവണ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ഏതൊരാളും ആദ്യം അവരുടെ പങ്കാളിയിൽ നിന്ന് നിയമപരമായ വേർപിരിയുകയും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും വേണം. ജീവനക്കാരുടെ ആദ്യ ഭാര്യയോ/ഭർത്താവോ എതിർത്താൽ ഇവർക്ക് പുനർവിവാഹത്തിനുളള അനുമതി നിഷേധിക്കപ്പെടും.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ രണ്ടാം വിവാഹം കഴിക്കുകയും സേവന കാലയളവിൽ മരിക്കുകയും ചെയ്താൽ, അവരുടെ രണ്ടാം ഭാര്യയ്‌ക്കോ മക്കൾക്കോ ആ ജോലി ലഭിക്കില്ല. ആദ്യഭാര്യയുടെ മക്കൾക്കായിരിക്കും സംസ്ഥാന സർക്കാർ മുൻഗണന നൽകുക എന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്ട്രേറ്റ്മാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്മാർ, പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി), ഡിജിപി ഹോംഗാർഡ്, ഡിജിപി (ജയിൽ), എന്നിങ്ങനെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഇത് നടപ്പാക്കണമെന്നും പൊതുഭരണകൂടം അറിയിച്ചു.
Comments