കറാച്ചി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. യാത്രക്കാരെ ഹൈദരാബാദ് എത്തിക്കാനായി ഇന്ത്യയിൽ നിന്നും മറ്റൊരു ഇൻഡിഗോ വിമാനം കറാച്ചിയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് അധികൃതർ ചർച്ചയിലാണെന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ കറാച്ചിയിൽ ഇറങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനാണിത്. ജൂലൈ അഞ്ചിന് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ദുബായിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്സ് വിമാനത്തിലാണ് തകരാർ അനുഭവപ്പെട്ടത്.
തുടർച്ചയായി ഇത്തരം സംഭവങ്ങൾ സ്‌പൈസ് ജെറ്റ് വിമാന യാത്രക്കിടെ സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സാങ്കേതിക തകരാർ അനുഭവപ്പെട്ട് അടിയന്തിര ലാൻഡിംഗ് നടത്തേണ്ടി വന്ന ആറ് സംഭവങ്ങളാണ് സ്‌പൈസ് ജെറ്റ് വിമാന കമ്പനിക്കുണ്ടായത്.
Comments