ലക്നൗ: നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് കുരങ്ങൻമാർ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ബറെയ്ലിയിലാണ് സംഭവം.
ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിർദേശ് ഉപാധ്യായ എന്നയാളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. നിർദേശും ഭാര്യയും കുഞ്ഞിനെയെടുത്ത് ടെറസിലുടെ നടക്കുകയായിരുന്നു. ഈ സമയത്ത് കുരങ്ങൻമാരുടെ ഒരു കൂട്ടം ടെറസിൽ എത്തി. നിർദേശ് കുരങ്ങൻമാരെ ഓടിക്കാൻ ശ്രമിച്ചുവെങ്കിലും അവ ഇയാളെ വളയുകയായിരുന്നു.
തുടർന്ന് പടിക്കെട്ട് വഴി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിർദേശിന്റെ കൈയ്യിൽ നിന്ന് കുഞ്ഞ് താഴെ വീണു. ഇതിന് പിന്നാലെ ഒരു കുരങ്ങൻ കുഞ്ഞിനെ നിലത്ത് നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് പരാതി. നിലത്ത് വീണ കുഞ്ഞ് തൽക്ഷണം മരിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് ബറെയ്ലിയിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലളിത് വർമ വ്യക്തമാക്കി.
Comments