തിരുവനന്തപുരം : ഇനി കള്ളന്മാർ നഗ്നരായോ അടിവസ്ത്രം മാത്രം ധരിച്ചോ മോഷണത്തിനിറങ്ങാൻ ഒന്ന് മടിക്കും. ഇത്തരത്തിൽ മോഷ്ടിക്കാൻ ഇറങ്ങിയ കള്ളന് കടയുടമ എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്. നഗ്നനായി മോഷണം നടത്തുന്ന കള്ളന്റെ ചിത്രങ്ങൾ ഉൾപ്പെടെ കടയുടമ ഫ്ലക്സ് അടിച്ച് കടയ്‌ക്ക് മുന്നിൽ വെച്ചിരിക്കുകയാണ്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാനായി ആളുകൾക്ക് ക്യൂ ആർ കോഡ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കൾച്ചറൽ ഷോപ്പി എന്ന കരകൗശല വിൽപ്പന സ്ഥാപനത്തിലാണ് സംഭവം. ജൂൺ 24, 25, 26 തീയതികളിലാണ് കടയിൽ മോഷണം നടന്നത്. പുലർച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയിൽക്കെട്ടുകൊണ്ട് മുഖം മറച്ചാണ് കള്ളനെത്തിയത്. ആദ്യ ദിവസം പൂർണ നഗ്നനായാണ് സ്ഥാപനത്തിന്റെ മതിൽ ചാടി വന്നത്. രണ്ടാം ദിവസവും എത്തി പരിസരം നിരീക്ഷിച്ചു. മൂന്നാം ദിവസം കടയിൽ കയറി സാധനങ്ങൾ മോഷ്ടിച്ചു. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടികളും നെട്ടൂർപെട്ടിയും ചെന്നപട്ടണം കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നെങ്കിലും ഇൻവെർട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് കള്ളൻ പോയത്.
തുമ്മാനായി തലയിൽ കെട്ട് അഴിച്ചതോടെയാണ് കള്ളന്റെ മുഖം സിസിടിവിയിൽ പതിഞ്ഞത്. നരച്ച താടിയുള്ള കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഫ്ലക്സടിച്ചാണ് സ്ഥാപനത്തിന് മുന്നിൽ വെച്ചിരിക്കുന്നത്.
സംഭവം നടന്ന് അടുത്ത ദിവസം തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാനായിട്ടില്ല. കള്ളനെ തിരിച്ചറിയാൻ നാട്ടുകാർക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബോർഡ് വെച്ചത്. നഗ്നദൃശ്യങ്ങൾ നാട്ടുകാരെല്ലാം കണ്ടതറിഞ്ഞ് കള്ളൻ കീഴടങ്ങുമെന്ന പ്രതീക്ഷയുമുണ്ട്.
Comments